corona-edit

സംസ്ക്കാരം ഒരു വീൺ വാക്കല്ല. ഒരു വ്യക്തിയുടെ പ്രവൃത്തിയിലൂടെ ബോദ്ധ്യപ്പെടുന്ന അനുഭവമാണ് സംസ്ക്കാരം. പ്രതിസന്ധിഘട്ടത്തിൽ സമഭാവനയോടെയും സമചിത്തതയോടെയും ഒരു മനുഷ്യൻ പെരുമാറുമ്പോഴാണ് സംസ്ക്കാരം എന്ന വാക്കിന്റെ അർത്ഥം നമുക്ക് അനുഭവമായി മാറുന്നത്. പ്രളയം വന്നപ്പോൾ തങ്ങളുടെ ഉപജീവന മാർഗങ്ങൾ പോലും ഉപേക്ഷിച്ച് വള്ളങ്ങളുമായി ജനങ്ങളെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച മത്സ്യത്തൊഴിലാളികൾ കാണിച്ചത് ഒന്നാന്തരം സംസ്ക്കാരമായിരുന്നു. പക്ഷേ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വിദേശികളോട് ചിലയിടങ്ങളിൽ മലയാളികൾ കാണിച്ച പെരുമാറ്റം, ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിൽ കൂടി, കേരളത്തിന് മുഴുവൻ നാണക്കേട് വരുത്തിവയ്ക്കുന്നതാണ്. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ വിദേശികൾ നടന്നുപോയപ്പോൾ കടത്തിണ്ണയിലിരുന്ന ചിലർ കൊറോണ, കൊറോണ എന്ന് ആർത്തലച്ച് ആക്ഷേപിച്ചതായി വാർത്തയുണ്ടായിരുന്നു. വാഗമണ്ണിൽ ഒരു വിദേശിക്ക് മുറി കിട്ടാത്തതിനാൽ സെമിത്തേരിയിൽ കിടന്നുറങ്ങേണ്ടിവന്നു. പാലക്കാട്ട് ഒരു ഫ്രഞ്ച് പൗരൻ വയലിൽ കിടന്നുറങ്ങേണ്ടി വന്നത് മുറി കിട്ടാത്തതു കൊണ്ടാണെന്നും അതല്ല ക്ഷീണം കൊണ്ടാണെന്നും രണ്ട് രീതിയിൽ വാർത്തകൾ വന്നിരുന്നു.

കൊല്ലത്ത് പൂയപ്പള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ രക്തം വാർന്നു കിടന്ന ഉക്രെയിൻ സ്വദേശിയെ രക്ഷിക്കാൻ വിദേശിയാണെന്ന ഒറ്റക്കാരണം കൊണ്ട് ആരും അടുത്തില്ല എന്നത് തികച്ചും മനുഷ്യത്വരഹിതമായ ക്രൂരതയാണെന്നേ പറയാനാകൂ. മുക്കാൽ മണിക്കൂറോളം കഴിഞ്ഞ് ട്രാക്ക് വോളന്റിയർമാരാണ് ആംബുലൻസുമായി വന്ന് അയാളെ ആശുപത്രിയിൽ എത്തിച്ചത്. ഇത്തരം സംഭവങ്ങൾ വലിയ സംസ്ക്കാര ചിത്തരാണെന്ന് അഭിമാനിക്കുന്ന മലയാളികൾക്ക് ഭൂഷണമല്ല. പ്രത്യേകിച്ചും 40 ലക്ഷത്തോളം പ്രവാസികൾ താമസിക്കുന്ന നമ്മുടെ നാട് ഇങ്ങനെ കാണിക്കാൻ പാടില്ല. ഈ പശ്ചാത്തലത്തിലാണ് കൊറോണ രോഗപത്രിരോധത്തിന്റെ പേരിൽ ആരും നിയമം കൈയിലെടുക്കരുതെന്നും വിദേശികളോട് മനുഷ്യത്വരഹിതമായ പെരുമാറ്റം പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചത്. നാടിന് അത് പേരുദോഷം ഉണ്ടാക്കുമെന്നും പലയിടത്തും വിദേശികൾ താമസവും ഭക്ഷണവും ലഭിക്കാതെ ബുദ്ധിമുട്ടുകയും പൊലീസ് ഇടപെട്ട് സഹായം നൽകേണ്ടിവരികയും ചെയ്തതിനാലാണ് ഇങ്ങനെ പറയേണ്ടിവന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദേശികൾക്ക് താമസവും ഭക്ഷണവും നിഷേധിക്കുന്ന ഹോട്ടലുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. വിദേശികൾക്ക് ഇത്തരം പരാതികളുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള ഹെൽപ് ഡെസ്കുകൾ ടൂറിസം വകുപ്പ് മുൻകൈയെടുത്ത് കൂടുതൽ സ്ഥലങ്ങളിൽ തുടങ്ങേണ്ടതാണ്. മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്. പക്ഷേ മറ്റുള്ളവരെ മാനസികമായി പീഡിപ്പിക്കാനുള്ള ഒരു അവസരമാക്കി അതുമാറ്റരുത്. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുകളുടെയും വ്യാപാരികളുടെയും ഭാരവാഹികൾ ഇത്തരം സന്ദർഭങ്ങളിൽ ആശങ്ക അകറ്റുന്ന പ്രസ്താവനകളുമായി രംഗത്ത് വരേണ്ടതാണ്. സ്നേഹത്തെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും മണിക്കൂറുകളോളം സൗജന്യ സംഭാഷണം നടത്താൻ ആർക്കും കഴിയും. ഇന്ത്യയുടെ മഹത്തായ ആപ്തവാക്യങ്ങളിൽ ഒന്നായ 'അതിഥി ദേവോ ഭവ" എന്നതിനെക്കുറിച്ച് സംസാരിക്കാനും ലേഖനങ്ങൾ എഴുതാനും നിരവധി പേർ ഉണ്ടാകും. പക്ഷേ പ്രതിസന്ധിഘട്ടങ്ങളിൽ കൈമെയ് മറന്ന് ഇടപെട്ട് സഹജീവിയുടെ ദുഃഖം ശമിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്നവരുടെ എണ്ണം തുലോം കുറവായിരിക്കും. വാക്കിൽ സംസ്ക്കാരം കാണിക്കുന്നവരിൽ പലരും പ്രവൃത്തിയിൽ കാണിക്കാറില്ല എന്നത് ലോകപരിചയമുള്ളവർക്കൊക്കെ അറിയാവുന്ന കാര്യമാണ്. ഇന്ത്യയിൽ ആപ്തവാക്യങ്ങൾ പോലും അതിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാനുള്ള ഒരു മറയാണ് പലർക്കും. അശോകസ്തംഭത്തിൽ സത്യമേവ ജയേത എന്ന് മുദ്രണം ചെയ്തിട്ടുള്ള സർക്കാർ കാര്യാലയങ്ങളിലിരുന്ന് അഴിമതി കാണിക്കാൻ പലർക്കും മടിയില്ല. എന്നാൽ പറയുന്നതുപോലെ സത്യസന്ധമായി പ്രവൃത്തിക്കുന്ന നിരവധി ജനങ്ങൾ ഇന്നും ഈ രാജ്യത്തുണ്ട്. അവർ മിക്കപ്പോഴും വെറും സാധാരണക്കാരോ നിരക്ഷരരോ ആയിരിക്കും. അതാണ് നമ്മുടെ നാടിനെ കരുത്തുറ്റതായി മുന്നോട്ടു നയിക്കുന്ന ശക്തി. നന്മയുടെ ആ പ്രകാശമാണ് നാം ഊതി പൊലിപ്പിക്കേണ്ടത്. കൊറോണക്കാലത്തെ പ്രതിസന്ധിയിൽ ഈ സംസ്ക്കാരമാണ് നമ്മിൽ നിന്ന് പ്രവൃത്തിയിലൂടെ പുറത്തുവരേണ്ടത്. ഇനി ഒരു വിദേശിക്ക് പോലും നേരത്തേ ചൂണ്ടിക്കാണിച്ചതു പോലുള്ള ദുരനുഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നമ്മൾ മലയാളികൾ കാണിക്കണം. കാരണം രോഗം ഒരു കുറ്റമല്ല. അതാർക്കും വരാം. അപ്പോൾ അവരെ അകറ്റിനിറുത്തുകയല്ല വേണ്ടത്. പരിചരണങ്ങൾ ലഭിക്കുന്ന സ്ഥലത്ത് അവരെ എത്തിക്കാനുള്ള സാമൂഹിക ഉത്തരവാദിത്വമാണ് ഓരോ പൗരനും നിറവേറ്റേണ്ടത്.

തോപ്പിൽ ഭാസിയുടെ അശ്വമേധത്തിൽ കുഷ്ഠരോഗിയായ യുവതി, ഡോക്ടർ, രോഗം ഒരു കുറ്റമാണോ എന്ന് ചോദിക്കുന്നുണ്ട്. ആ ചോദ്യം വളരെ പ്രസക്തമായ ഒരു കാലമാണിത്. രോഗം ഒരു കുറ്റമല്ല എന്നതും രോഗികൾ കുറ്റവാളികളല്ല എന്നതും നമ്മൾ തിരിച്ചറിയേണ്ടുന്ന സന്ദർഭമാണിത്.