തിരുവനന്തപുരം: നടന്നുപോകുമ്പോൾ ഒന്നു തുമ്മിയാൽ 'അയ്യോ കൊറോണ..." എന്നായിരിക്കും കുറച്ചുമാറി പോകുന്നവരുടെപോലും ചിന്ത. ഓഫീസിലിരുന്നു ചുമച്ചാലോ, സഹപ്രവർത്തകരിൽ ചിലരുടെയെങ്കിലും പുരികങ്ങൾ വളയും. തുമ്മലും ചുമയുമൊന്നും അടുത്തകാലം വരെ അധികമാരും കാര്യമാക്കിയിരുന്നില്ല. ഇപ്പോൾ അതല്ല അവസ്ഥ. കൊറോണ ഭീതി എല്ലാവരെയും ബാധിച്ചിരിക്കുന്നു. 'ഭീതി വേണ്ട, ജാഗ്രത മതി"എന്നൊക്കെ പറയുമ്പോഴും കൊറോണ ബാധിതരുടെ എണ്ണം കൂടിവരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു
ഏറ്റവും ജാഗ്രത പുലർത്തേണ്ട കാലമാണ് ഇന്നലെ മുതലുള്ള 14 ദിനങ്ങൾ എന്ന് ആരോഗ്യപ്രവർത്തകർ മുന്നറിപ്പ് നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ കരുതലിലേക്ക് തലസ്ഥാന നിവാസികളും നീങ്ങുകയാണ്. പത്താം ക്ലാസ്, ഹയർ സെക്കൻഡറി പരീക്ഷകൾ പുരോഗമിക്കുന്ന വേളയാണ്. സുരക്ഷാക്രമീകരണങ്ങളോടെയാണ് സ്കൂളുകളിൽ പരീക്ഷ നടക്കുന്നത്. കുറച്ചു ദിവസത്തേക്കു പരീക്ഷ മാറ്റി വയ്ക്കാമായിരുന്നില്ലേ എന്ന് രക്ഷിതാക്കാൾ മാത്രമല്ല, അദ്ധ്യാപകരും ചോദിക്കുന്നു. പരീക്ഷയ്ക്കു ബസ് കയറി പോകുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമെല്ലാം ചെറുതല്ല ടെൻഷൻ. സ്കൂളിൽ കയറുന്നതിനു മുമ്പുള്ള സാനിട്ടൈസേഷൻ മാത്രമാണ് ആശ്വാസം. വീടുകളിൽ കയറുന്നതിനു മുമ്പു കൈയും കാലും മുഖവുമെല്ലാം കഴുകുന്ന ശീലവും മലയാളിക്ക് തിരിച്ചുവന്നിരിക്കുന്നു.
ബസിൽ ഒരു മീറ്റർ അകലം പാലിക്കാൻ പറ്റുമോ സാറെ?
കെ.എസ്.ആർ.ടി.സി ബസുകളൊക്കെ അണുവിമുക്തമാക്കിയാണ് സർവീസ് നടത്തുന്നത്.
പക്ഷേ, ഒരു മീറ്റർ അകലം ബസിൽ പ്രാവർത്തികമല്ല. ഇന്നലെ പാളയത്തുനിന്നു കയറിയ ഒരു യാത്രക്കാരൻ കണ്ടക്ടറോടു ചോദിച്ചു- 'ഒരു മീറ്റർ അകലം പാലിക്കുന്നുണ്ടോ' എന്ന്. കുറച്ചുകൂടി നീങ്ങിനിന്ന് ചോദിച്ചാൽ ഒരു മീറ്ററാകുമെന്നായിരുന്നു മറുപടി. മിക്കവാറും ബസുകളിൽ ഒരു മീറ്റർ അകലം പാലിച്ച് യാത്ര ചെയ്യാൻ ഇപ്പോൾ കഴിഞ്ഞേക്കും. അത്രയ്ക്ക് യാത്രക്കാരേ ബസുകളിലുള്ളൂ.
ദിവസങ്ങൾക്കു മുമ്പുവരെ വെള്ളം മാത്രം ഒഴിച്ചെങ്കിലും കഴുകിയിരുന്നത് ദീർഘദൂര ബസുകൾ മാത്രമാണ്. ഓർഡിനറി ബസുകൾക്ക് ആ ഭാഗ്യം ലഭിക്കുന്നത് വല്ലപ്പോഴുമായിരുന്നു. ഇപ്പോൾ, എല്ലാ ബസുകളും വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുകയാണ്. സാനിറ്റൈസർ സ്പ്രേ അടിച്ചാണ് അണുവിമുക്തമാക്കുന്നത്. സീറ്റുകൾ, കമ്പികൾ, ഷട്ടറുകൾ എന്നിവ അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുകയും ചെയ്യുന്നു. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക് തുടങ്ങിയവർക്ക് മാസ്കും കൈയുറയും നൽകിയിട്ടുണ്ട്.
സെമി സ്ലീപ്പർ കോച്ചുകളിൽ ഇപ്പോൾ ബ്ലാങ്കറ്റുകൾ ഇല്ല. കർട്ടനുകളും അഴിച്ചു മാറ്റി. ജീവനക്കാർ ഗാരേജിന് അകത്ത് പ്രവേശിക്കുംമുമ്പ് കൈ കഴുകുന്നതിനായി സോപ്പും സാനിറ്റൈസറും വച്ചിട്ടുണ്ട്. ഇതിനു പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. ജീവനക്കാർക്ക് മാസ്ക് വിതരണം ചെയ്യാൻ സന്നദ്ധ സംഘടനകളും എത്തുന്നുണ്ട്. യാത്ര ഒഴിവാക്കാൻ കഴിയാത്തവർ മാത്രമേ ബസുകളിൽ കയറുന്നുള്ളൂ. അതിനാൽ ഒഴിവാക്കാവുന്ന സർവീസുകൾ ഒഴിവാക്കിയിട്ടുണ്ട്.
പമ്പിൽ കച്ചവടം 50% കുറഞ്ഞു
വാഹനങ്ങൾ അധികം നിരത്തിലിറങ്ങാത്തതു കാരണം പെട്രോൾ പമ്പുകളിൽ കച്ചവടം 50% വരെ കുറഞ്ഞു. മറ്റു കച്ചവടങ്ങളും കുത്തനെ ഇടിഞ്ഞു. ജീവനക്കാരെല്ലാം മാസ്ക് ധരിച്ചാണ് നിൽക്കുന്നത്. അടുത്തമാസം ശമ്പളം നൽകാൻ ബുദ്ധിമുട്ടുമെന്നാണ് ഉടമകളുടെ ടെൻഷൻ.
''ഓഫീസിലിരുന്ന് തുമ്മുന്നതും വഴിയിൽ തുപ്പുന്നതും നല്ല ശീലമല്ല. ചുമയോ തുമ്മലോ തുടർച്ചയായുള്ളവർ അത് സാധാരണ ചുമയും തുമ്മലുമായാലും ഈ സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതാണ് ഉചിതം''
- ഡോ. ആൽത്താഫ്, കൺവീനർ ഐ.എം.എ മീഡിയ സെൽ