തിരുവനന്തപുരം: കൊറോണയുടെ പേരിൽ ഭീതി വിതയ്ക്കരുതെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ സെക്രട്ടേറിയറ്റിലെത്തുന്നവരെ വഴിയിൽ തടഞ്ഞ്, സെക്യൂരിറ്റി ജീവനക്കാരന്റെ അഴിഞ്ഞാട്ടം. സെക്രട്ടേറിയറ്റ് ഒന്ന്, രണ്ട് അനക്സുകൾക്ക് മുന്നിൽ ഇന്നലെ ഒരുമണിയോടെയാണ് അസി.സെക്യൂരിറ്റി ഓഫീസർ 'സൂപ്പർ ഡി.ജി.പി' ചമഞ്ഞത്. 'ചീഫ്സെക്രട്ടറിയുടെ ഉത്തരവുണ്ടെന്നും എല്ലാവനെയും കഴുത്തിന് പിടിച്ച് പുറത്തു തള്ളാനും' സെക്യൂരിറ്റി ജീവനക്കാരോട് ഇയാൾ ആക്രോശിച്ചു. കാര്യമെന്താണെന്ന് ചോദിച്ചവരോടെല്ലാം, ഇവിടെ എല്ലാവർക്കും കൊറോണയാണെന്ന് ആക്രോശിച്ചു.
യൂണിഫോം ധരിക്കാതെ അനക്സ് കവാടത്തിലെത്തിയ സെക്യൂരിറ്റി ഓഫീസർ , പ്രവേശന ഗേറ്റിലൂടെയെത്തിയവരെ തടയുകയായിരുന്നു. ബൈക്കിലെത്തിയവരെ തടഞ്ഞശേഷം, 'ബൈക്ക് തൂക്കി പുറത്തുകള'- എന്ന് ഇയാൾ സെക്യൂരിറ്റി ജീവനക്കാരോട് ആക്രോശിച്ചു. സെക്രട്ടേറിയറ്റിലാകെ കൊറോണ പടർന്നെന്നും ആരെയും കയറ്റി വിടേണ്ടെന്ന് നിർദ്ദേശമുണ്ടെന്നും ഈ ഉദ്യോഗസ്ഥൻ പറഞ്ഞതോടെ പ്രദേശത്തുണ്ടായിരുന്നവരെല്ലാം ഭീതിയിലായി.രണ്ടാം അനക്സ് കവാടത്തിലെത്തിയും ഇയാൾ തട്ടിക്കയറി. ആക്രോശം കേട്ട് സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും സ്ഥലത്തെത്തി. സെക്രട്ടേറിയറ്റിൽ കൊറോണ പടർന്നെന്ന് പറയാൻ താങ്കൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണോ എന്ന് ചോദിച്ചവരോട്, 'ഞാനാണ് ഇവിടത്തെ അധികാരി' എന്നായിരുന്നു മറുപടി. ചിത്രം പകർത്തിയവർക്കു നേരെ പാഞ്ഞടുത്തു. ഭരണപക്ഷത്തിന്റെ ആളാണെന്നും തന്നെ ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു വെല്ലുവിളി. സുരക്ഷാ ചുമതലയുള്ള പൊലീസെത്തിയാപ്പോഴാണ് ഇയാൾ സെക്രട്ടേറിയറ്റ് അനക്സിലേക്ക് കയറിപ്പോയത്.
പ്രവേശനം നിരോധിച്ച് ഉത്തരവില്ല: ചീഫ്സെക്രട്ടറി
സെക്രട്ടേറിയറ്റിലേക്കോ അനക്സുകളിലേക്കോ ജനങ്ങൾക്ക് പ്രവേശനം നിരോധിച്ച് യാതൊരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെന്ന് ചീഫ്സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. വിവിധ ആവശ്യങ്ങൾക്ക് ജനങ്ങൾ സെക്രട്ടേറിയറ്റിലെത്തുന്നത് വിലക്കിയിട്ടില്ല. സന്ദർശകർക്ക് പാസും അനുവദിക്കുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ജീവനക്കാർ മാസ്ക് ധരിക്കുകയും സോപ്പുപയോഗിച്ച് കൈ കഴുകുകയും സാനിട്ടൈസർ ഉപയോഗിക്കുകയും വേണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാരും സന്ദർശകരും കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ഒരു മീറ്റർ സുരക്ഷിത അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ടെന്നല്ലാതെ, പ്രവേശന വിലക്കില്ല.
പ്രവേശനം വിലക്കിയിട്ടില്ല: മുഖ്യമന്ത്രിയുടെ ഓഫീസ്
സെക്രട്ടേറിയറ്റിലും അനക്സുകളിലും ജനങ്ങളുടെ പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജീവനക്കാർക്ക് മുൻകരുതൽ നിർദ്ദേശങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്. സംസ്ഥാനത്താകെയുള്ള ജാഗ്രത മാത്രമാണ് സെക്രട്ടേറിയറ്റിലുമുള്ളതെന്നും അനാവശ്യ പരിഭ്രാന്തി വേണ്ടെന്നും ഓഫീസ് അറിയിച്ചു.