secretariate

തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലയ്ക്കകത്തുള്ള സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിന് ഒരു സ്പെഷ്യൽ തഹസിൽദാരുടെ നേതൃത്വത്തിൽ ലാൻഡ് അക്വിസിഷൻ യൂണിറ്റ് രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആറ് വനം ഡിവിഷനുകളിലായി സ്ഥിതിചെയ്യുന്ന 13 സ്വകാര്യ എസ്റ്റേറ്റുകളാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി തിരുവനന്തപുരം ആസ്ഥാനമാക്കി ഒരു വർഷത്തേക്കാണ് ലാൻഡ് അക്വിസിഷൻ യൂണിറ്റ് രൂപീകരിക്കുന്നത്. 11 തസ്തികകളും താത്കാലികമായി അനുവദിച്ചു. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് തസ്തികകൾ റദ്ദാക്കുകയും യൂണിറ്റ് പിരിച്ചുവിടുകയും ചെയ്യുമെന്ന വ്യവസ്ഥയോടെയാണ് ധനവകുപ്പ് പച്ചക്കൊടി കാട്ടിയത്. ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റിന്റെ നിർദ്ദേശപ്രകാരമായിരിക്കും പ്രവർത്തനം.

വനഭൂമിയിലെ സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിനായി സ്പെഷ്യൽ ലാൻഡ് അക്വിസിഷൻ യൂണിറ്റ് രൂപീകരിക്കുന്നതിന്‌ 2019 സെപ്തംബറിൽ തന്നെ റവന്യൂ വകുപ്പ് നിർദ്ദേശം വച്ചതാണെങ്കിലും ധനവകുപ്പ് എതിർത്തു. അന്ന് സ്പെഷ്യൽ തഹസിൽദാരുടേത് ഉൾപ്പെടെ 14 തസ്തികകളാണ് ആവശ്യപ്പെട്ടത്. സാമ്പത്തികപ്രതിസന്ധിക്കിടയിൽ അധികബാദ്ധ്യത ഏറ്റെടുക്കാനാവില്ലെന്നും പ്രളയം ബാധിക്കാത്ത തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ നിന്നുള്ള റവന്യൂ ഉദ്യോഗസ്ഥരെ ഇതിലേക്ക് പുനർവിന്യസിക്കണമെന്നും ധനവകുപ്പ് നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം പ്രായോഗികമല്ലെന്ന് റവന്യൂവകുപ്പ് അറിയിച്ചു. വിവിധ തലങ്ങളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് 11 തസ്തികകൾ താത്കാലികമായി അനുവദിക്കാൻ ധനവകുപ്പ് സമ്മതിച്ചത്. മന്ത്രിസഭായോഗ തീരുമാനത്തിന്റെ ഉത്തരവിറങ്ങുന്ന മുറയ്ക്ക് തുടർനടപടികൾ കൈക്കൊള്ളും.