കുടുംബത്തിൽ ഒന്നും ഫലിക്കാതെ വരുമ്പോൾ ചില വീടുകളുടെ സ്ഥാനം തെറ്റിക്കിടക്കുന്ന അടുക്കളകൾ മാറണമെന്ന് ജ്യോത്സ്യന്മാർ നിർദ്ദേശിക്കാറുണ്ട്. അതനുസരിച്ച് അടുക്കള മാറുമ്പോൾ ചിലപ്പോൾ എല്ലാം ഭംഗിയായി ഭവിക്കാറുമുണ്ട്. കോൺഗ്രസിന്റെ ദേശീയ അടുക്കള ഇപ്പോൾ പണ്ടേപ്പോലെ ഒട്ടും ഫലിക്കാറില്ല. അതുവഴി ബ്രാഞ്ചടുക്കളകളും ഒട്ടും ശരിയല്ല. ഫലത്തിൽ കോൺഗ്രസ് മെലിഞ്ഞുണങ്ങുന്ന അവസ്ഥ. സ്ഥാനം തെറ്റിയ അടുക്കള അഥവ സ്ഥാനിയൻ ഇല്ലാത്ത അടുക്കള.
വിദേശീയനായ എ. ഒ. ഹ്യൂം അമരക്കാരനായി നിന്നുകൊണ്ട് രൂപകല്പന നടത്തിയ കോൺഗ്രസ് അടുക്കള, പിൽക്കാലത്ത് ബാപ്പുജിയുടെ നേതൃത്വത്തിൽ പ്രവിശാലമായ അന്നപൂർണയായി മാറുകയായിരുന്നു. രാഷ്ട്രീയ അടുക്കള നന്നാകണമെങ്കിൽ പാചകക്കാരൻ നന്നാകണം. നേതാവ് നന്നാകണം. പൊതുജന മനസറിയുന്ന ജനപ്രിയ നേതാവായിരിക്കണം. സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷം നെഹ്റുവും ഇന്ദിരയും രാജീവും വിളമ്പിയ വിഭവങ്ങൾ അത്ര രുചികരമായിരുന്നില്ലെങ്കിൽപ്പോലും ജനങ്ങൾ വികാരവായ്പോടെ അതെല്ലാം ഉൾക്കൊള്ളുകയായിരുന്നു.
പക്ഷേ, രാജീവ് ഗാന്ധിയുടെ ആകസ്മിക വേർപാടോടെ സോണിയ ഗാന്ധിയെന്ന ഇറ്റാലിയൻ പാചകക്കാരി അടുക്കളയുടെ ചുമതലയിൽ വന്നുഭവിക്കുകയായിരുന്നു. തീർത്തും പരിചയരഹിത. രാഷ്ട്രമെന്തെന്നും രാഷ്ട്രീയമെന്തെന്നും തിട്ടമില്ലാത്ത നേതൃഭാവം മഴ പെയ്തു കഴിഞ്ഞാലും മരം പെയ്യുന്നതുപോലെ, നെഹ്റു-ഇന്ദിര പ്രഭാവം കുറെക്കാലം കൂടി സോണിയയുടെ അടുക്കളയ്ക്ക് ചൈതന്യം പകർന്നുവെന്നുള്ളത് സത്യം. പക്ഷേ വന്നുവന്ന് കോൺഗ്രസിനെ നയിക്കാൻ സോണിയ കുടുംബാംഗങ്ങളല്ലാതെ മറ്റാരുമില്ലെന്നുള്ള ദുരവസ്ഥ ദേശീയ നാണക്കേടാണ്. സോണിയ അല്ലെങ്കിൽ രാഹുൽ. രാഹുൽ അല്ലെങ്കിൽ പ്രിയങ്ക. പ്രിയങ്ക അല്ലെങ്കിൽ വാദ്ര. വിദേശാധിപത്യത്തിനെതിരായി പടപൊരുതിയ കോൺഗ്രസ്, ഇന്ന് വിദേശാധിപത്യത്തിന്റെ കൊടും തടവറയിൽ!
ഇടയ്ക്ക് സോണിയ കോൺഗ്രസ് കിരീടം പുത്രൻ രാഹുലിന്റെ തലയിൽ ചാർത്തി യുവരാജാവായി പ്രഖ്യാപിച്ചിരുന്നു. നിർണായക ഘട്ടങ്ങളിൽ കൂടുവിട്ടു കൂടുമാറുന്ന മജീഷ്യനെപ്പോലെ അപ്രത്യക്ഷനാകുന്ന രാഹുൽഗാന്ധി, ഭാരക്കൂടുതൽ മൂലം കിരീടം വലിച്ചുതാഴെയിട്ടു! പിന്നെ ചർച്ചകളോടു ചർച്ച. അവസാനം കിരീടം പഴയപടി സോണിയയുടെ തലയിൽത്തന്നെ!
ചുരുക്കത്തിൽ സോണിയയുടെ കുടുംബത്തിൽക്കിടന്നു പുകഞ്ഞു കത്തുന്ന കോൺഗ്രസ് അടുക്കള അർഹമായ സ്ഥാനത്തേക്ക് മാറ്റിയെങ്കിൽ മാത്രമേ ഇനി പാർട്ടിക്ക് രക്ഷയുള്ളൂ. കാരണം ഇവർക്ക് നേതൃഗുണം ലവലേശമില്ല. കോൺഗ്രസിന്റെ ഗ്ളാമറിൽ ഇത്രയും കാലം രക്ഷപ്പെടുകയായിരുന്നു. പക്ഷേ സോണിയയുടെ ആശ്രയത്വം കൊണ്ടുമാത്രം കഴിയുന്ന മൻമോഹൻ സിംഗ്, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, പി. ചിദംബരം, കമൽനാഥ്, ഗേലോട്ട്, കപിൽ സിബൽ തുടങ്ങിയവർ അത് സമ്മതിക്കില്ല.അവരുടെ രാഷ്ട്രീയ നിലനില്പിന് പാവ നേതൃത്വമാണാവശ്യം.
രാഹുൽഗാന്ധി രാജിവച്ചപ്പോൾ, കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റായി, പാർട്ടിയിലെ കടൽക്കിഴവന്മാരൊഴികെയുള്ള എല്ലാവരും ആഗ്രഹിച്ചതു ജോതിരാദിത്യസിന്ധ്യയെയായിരുന്നു. പക്ഷേ നാക്കും മൂളയുമുള്ള ജനപ്രിയ നേതാക്കളെ സോണിയയ്ക്കും കൂട്ടുസംഘത്തിനും വേണ്ട.
ഫലത്തിൽ, പച്ചകെട്ട കോൺഗ്രസിൽ നിന്നും ഒാരോരുത്തരായി പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. ജ്യോതിയുടെ ചാട്ടം പക്ഷേ, മലമറിച്ചു കൊണ്ടായിരുന്നു - തികച്ചും ഭൂകമ്പം. തുടർചലനങ്ങൾ ദേശീയതലത്തിൽ അനുഭവപ്പെട്ടു തുടങ്ങി.
കോൺഗ്രസ് മുക്ത ഭാരതമല്ല നമുക്കാവശ്യം. കോൺഗ്രസ് ഭാരതീയരുടെ സ്വത്വമാണ്. ദേശീയ വികാരമാണ്. അത് വേരറ്റു നശിക്കാൻ പാടില്ല. തത്കാലം പ്രതിപക്ഷമാകാനായിട്ടെങ്കിലും കോൺഗ്രസ് നിലനിൽക്കണം. അതിനായി വേറെ അടുക്കളതന്നെ വേണം. എന്നുവച്ചാൽ സോണിയ കുടുംബത്തിന് പുറത്തുനിന്നുള്ള നേതാക്കൾ ഉശിരോടെ ഉയർന്നു വരണം. ലക്ഷോപലക്ഷം പ്രവർത്തകരും നേതാക്കളുമുള്ള കോൺഗ്രസിൽ നിന്നും മീശയുള്ളതോ ഇല്ലാത്തതോ ആയ ഒരു നേതാവിനെപ്പോലും കണ്ടെത്താൻ കഴിയില്ലെന്നുവന്നാൽ... ലജ്ജാകരമെന്നേ പറയാനുള്ളൂ.
( ലേഖകന്റെ ഫോൺ: 9447230707)