കടയ്‌ക്കാവൂർ: ആലംകോട് സ്വദേശിയായ ജസീൻ എന്ന യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തി മൊബൈൽഫോൺ കവർന്ന കേസിൽ പ്രതികൾ പിടിയിൽ. പെരുങ്കുളം വില്ലേജിൽ കല്ലൂർക്കോണം കാട്ടുവിള വീട്ടിൽ സജി (34), കീഴാറ്റിങ്ങൽ തൊപ്പിച്ചന്ത കാണിവിള വീട്ടിൽ കടകംപള്ളി ബിജു എന്ന ബിജു (36) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ ഒരാളുടെ സഹോദരിയോട് ഫോണിൽ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പ്രതികൾ ജസീനെ വിളിച്ച് വരുത്തിയശേഷം മർദ്ദിക്കുകയായിരുന്നു. കവർന്ന മൊബൈൽ പെരുമാതുറയിലെ കടയിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. കടയ്‌ക്കാവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ് രണ്ടാംപ്രതി കടകംപള്ളി ബിജു. കടയ്‌ക്കാവൂർ സി.ഐ എസ്.എം. റിയാസ്, എസ്.ഐ വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ മുകുന്ദൻ, എസ്.സി.പി.ഒമാരായ ജ്യോതിഷ്, ബിനോജ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.