venjaramoodu

വെഞ്ഞാറമൂട്: കോറോണ പേടിയിൽ തിരക്കൊഴിഞ്ഞ് വെഞ്ഞാറമൂട് ജംഗ്ഷൻ. രൂക്ഷമായ വാഹനതിരക്ക് അനുഭവപ്പെടുന്ന ടൗണിൽ ഇപ്പോൾ വാഹനങ്ങളുടെ നീണ്ട നിര കാണാനില്ല. തൊഴിൽമേഖല നിലച്ച മട്ടിൽ തുടരുന്നു. കച്ചവട സ്ഥാപനങ്ങളിൽ ആളുകൾ എത്താത്തത് കാരണം കാരേറ്റ് വാമനപുരം വെമ്പായം വെഞ്ഞാറമൂട് വട്ടപ്പാറ മേഖലകളും വ്യാപാര സ്ഥാപനങ്ങൾ അടച്ചു. ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം കുറഞ്ഞിട്ടും തൊഴിലാളികളെ ഓർത്തിട്ടാണ് കടകൾ തുറന്നു പ്രവർത്തിക്കുന്നതെന്ന് ഉടമകൾ പറയുന്നു. വെെദ്യുതി ബില്ലിന് പോലും കച്ചവടം നടക്കാത്തതിൽ വിഷമിച്ചിരിക്കയാണ് വൃാപാരികൾ. ത്രിതല പഞ്ചായത്തുകൾ നിയോജകമണ്ഡലത്തിൽ കോറോണ പ്രതിരോധ നടപടികളും ബോധവത്കരണ ക്ളാസുകളും ഊർജ്ജിതമാക്കിയിട്ടുണ്ട്. അടിസ്ഥാനജന വിഭാഗങ്ങൾക്ക് തൊഴിൽദിനങ്ങൾ കുറഞ്ഞു തുടങ്ങിയതോടെ പൊള്ളുന്ന വേനൽചൂടിൽനിന്നും കടുത്ത വറുതിയിലേക്കാണ് നാട്ടിൻപുറങ്ങൾ നീങ്ങുന്നതെന്ന സൂചനയാണ് നൽകുന്നത്.