തിരുവനന്തപുരം: കൊറോണക്കാലത്തെ സൂപ്പർതാരം നോൺ കോൺടാക്ട് ഇൻഫ്രാറെഡ് തെർമ്മോ മീറ്ററാണ്. ശരീരത്തിൽ തൊടാതെ 5 മുതൽ10 സെന്റീമീറ്റർ അകലെ നിന്നു തന്നെ പനി അളക്കാം.
2000 രൂപ മുതൽ 2500 രൂപ വരെയാണ് ഇതിന്റെ വില. പക്ഷേ, സാധനം കിട്ടാനില്ല, ഓൺലൈനിൽ തപ്പിയവർ വില കണ്ട് ഞെട്ടി 18,000 മുതൽ 23,000 രൂപ വരെ !.
വൈറസ് ഭീതിയുള്ളതിനാൽ പനി കണ്ടെത്താൻ ഏറ്റവും മികച്ച മാർഗമായാണ് ഇത് ഉപയോഗിക്കുന്നത്. 150 രൂപയ്ക്ക് കിട്ടുന്ന ഇൻഫ്രാറെഡ് തെർമ്മോ മീറ്ററിന്റെ ജോലി തന്നെയാണ് ഇതിന്റെയും. സാധാരണ തെർമ്മോമീറ്റർ കക്ഷത്ത് വയ്ക്കണം. ഒരു മിനിട്ട് വരെ എടുക്കും. നോൺ കോൺടാക്ട് ഇൻഫ്രാറെഡ് തെർമ്മോ മീറ്ററുകൾ നിമിഷങ്ങൾക്കുള്ളിൽ പനി അളന്ന് ഫലം പ്രദർശിപ്പിക്കും.
പുരകത്തുമ്പോൾ വാഴവെട്ടുകയാണ് ഓൺലൈൻ വിപണിക്കാരും. ഒരു കമ്പനിയുടെ മാസ്കിന് 250- 300 രൂപ വരെയാണ് വില. രണ്ടര രൂപയ്ക്ക് കിട്ടിയിരുന്ന സാധാരണ മാസ്കിന് ഇപ്പോൾ 30 രൂപ വരെയുണ്ട്. ആറു മണിക്കൂർ കഴിഞ്ഞാൽ ഇത് നശിപ്പിക്കണം. 30 രൂപയ്‌ക്ക് വാങ്ങിയ സാധനം പെട്ടെന്ന് നശിപ്പിക്കാതെ ദിവസങ്ങളോളം ഉപയോഗിക്കുന്നവരുണ്ട്. തമ്മിൽ ഭേദം കുടുംബശ്രീക്കാർ ഉൾപ്പെടെ പുറത്തിറക്കുന്ന തുണികൊണ്ടുള്ള മാസ്കാണ്. ഇത് കഴുകിയും ഉപയോഗിക്കാം.
കൈകൾ സാനിട്ടൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നത് പ്രചാരത്തിലായതോടെ ഓൺലൈൻ ഷോപ്പുകളിൽ സാനിട്ടൈസറിന് വൻ ഡിമാൻഡാണ്. ഓൺലൈൻ സൈറ്റുകൾ തുറക്കുമ്പോൾ തന്നെ 'റെക്കമന്റഡ് ഐറ്റംസ്' എന്ന് പരിചയപ്പെടുത്തുന്നത് സാനിട്ടൈസറുകളും ഹാൻഡ് വാഷുമൊക്കെയാണ്. 175 രൂപ മുതൽ 300 രൂപ വരെയാണ് വില. എല്ലാം നിലവാരമുളളതല്ലെന്ന് ഡോക്ടർമാർ പറയുന്നു. നാടുനീളെ ഇപ്പോൾ സാനിട്ടൈസർ നിർമ്മിച്ചിറക്കുകയാണ്. എല്ലാവരും വാങ്ങി കൈയിൽ തേയ്ക്കുകയും ചെയ്യുന്നു. ഗുണനിലവാരം ഉറപ്പാക്കിയിട്ടല്ല ഇവ വിപണയിൽ എത്തുന്നത്.