തിരുവനന്തപുരം: കൊറോണ രോഗത്തിന്റെ അടുത്ത ഘട്ടത്തിൽ സംഭവിക്കാവുന്ന സമൂഹ വ്യാപനം തടയാൻ സർക്കാർ വലിയ മുന്നൊരുക്കങ്ങൾ നടത്തും.

രോഗപ്രതിരോധത്തിൽ അടുത്ത രണ്ടാഴ്ച അതീവ നിർണായകമാണെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. ജില്ലകളിലെ സ്ഥിതിയും കഴിഞ്ഞയാഴ്ചത്തെ അവലോകന യോഗങ്ങളുടെ വിശദാംശങ്ങളും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ വിശദീകരിച്ചു.

അടിയന്തര

നടപടികൾ

അവധിയിൽ പോയ ഡോക്ടർമാരടക്കമുള്ള ജീവനക്കാരെ തിരികെ വിളിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വൈകിട്ട് ആറ് മണി വരെ നീട്ടും.

 വരും മാസങ്ങളിലേക്ക് ആവശ്യമായ മരുന്നുകൾ മെഡിക്കൽ സർവീസസ്

കോർപറേഷൻ സംഭരിക്കും.

 ധനമന്ത്രി തോമസ് ഐസക് ആരോഗ്യ, ധനകാര്യ സെക്രട്ടറിമാരുമായി ചർച്ച ചെയ്ത് ഇതിന് പണം ലഭ്യമാക്കും.

 ജൂണിൽ പ്രതീക്ഷിക്കുന്ന മഴക്കാല രോഗങ്ങളുടെ മരുന്നുകളും സംഭരിക്കും.

 പ്രാദേശികതലത്തിൽ കൊറോണ പ്രതിരോധത്തിന്

ഡോക്ടർമാരടങ്ങുന്ന വിദഗ്ദ്ധസമിതികൾ രൂപീകരിക്കും.

 കൂടുതൽ ആളുകളെ നിരീക്ഷിക്കാനുള്ള സൗകര്യമൊരുക്കും.

സ്വകാര്യ ആശുപത്രികളെയും പങ്കാളികളാക്കും.