തിരുവനന്തപുരം: വ്യാജ സീലുകളും നോട്ടീസുകളും നിർമ്മിച്ച് സ്വയം സഹായ സംഘത്തിന്റെ പേരിൽ വൻ വായ്പാതട്ടിപ്പ് നടത്തിയ സ്ത്രീയെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ കഴുനാട് ഇണ്ടളയപ്പൻ ക്ഷേത്രത്തിന് സമീപം രേവതി ഭവനിൽ മിനി (39) യാണ് പിടിയിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒരുമ സ്വയം സഹായ സംഘമെന്ന പേരിൽ കുടുംബശ്രീയിലെയും തൊഴിലുറപ്പിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ലോൺ നൽകാം എന്നു വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിവാഹം, വീട് നിർമാണം എന്നിവയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ സമീപിച്ച് ലോൺ നൽകാമെന്നു അറിയിക്കും. തുടർന്ന് ഒരു ലക്ഷം രൂപ വേണ്ടവരിൽ നിന്ന് 12,000 രൂപയും 2 ലക്ഷത്തിന് 24,000 രൂപയും 5 ലക്ഷത്തിന് 60,000 രൂപയും വാങ്ങും. ഫോട്ടോകൾ, തിരിച്ചറിയൽ രേഖകളുടെ പകർപ്പ്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവയും വാങ്ങും. പിന്നാലെ ലോൺ അനുവദിച്ചതായി കാണിച്ച് ഒരുമ സ്വയം സഹായ സംഘത്തിന്റെ പേരിൽ വ്യാജസീലുകൾ പതിച്ച് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ ഒപ്പിട്ട് ചെക്കുകൾ നൽകി കടന്നുകളയും. പിടിക്കപ്പെടുമെന്നു തോന്നിയതോടെ പണം വാങ്ങിയവർക്ക് ധനമന്ത്രി നന്തൻകോട് സുമംഗലി ഓഡിറ്റോറിയത്തിൽ വച്ച് 2019 മേയ് 18ന് ലോൺ വിതരണം ചെയ്യുമെന്നു വ്യാജ നോട്ടീസ് അടിച്ചിറക്കിയിരുന്നു. മന്ത്രിയുടെയും കരകുളം പഞ്ചായത്ത് അധികൃതരുടെയും പേരിൽ ഇറക്കിയ നോട്ടീസ് ഉപയോഗിച്ച് വീണ്ടും പണം കൈക്കലാക്കി. തട്ടിപ്പിന് ഇരയായവർ ഫോർട്ട്, വട്ടപ്പാറ, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. പരാതികൾ ഉയർന്നതോടെ മൊബൈൽ ഫോൺ ഉപയോഗിക്കാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്കും സുഹൃത്തുക്കളുടെ വീട്ടിലുമായി കഴിഞ്ഞ ഇവരെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. തട്ടിപ്പിന് ഇരയായവരിൽ ഒരാളായ പൂജപ്പുര സ്വദേശി സിമി കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പ്രാഥമിക അന്വേഷണത്തിൽ ഇവർ നിരവധിപേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണ്. എസ്.ഐ സജു എബ്രഹാം, വിമൽ, സൂര്യ, സിവിൽ പൊലീസ് ഓഫീസർമാരായ ബിനു, സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻ No Notification ഡ് ചെയ്തു.