kattupanni

വിതുര: നാട്ടിലിറങ്ങി ഭീതി പരത്തുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്ത കാട്ടുപന്നിയെ വനപാലകരുടെ നേതൃത്വത്തിൽ പിടികൂടി കാട്ടിൽ വിട്ടു. വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചേന്നൻപാറ പന്നിയോട്ടുമൂലയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പന്നി ഇറങ്ങിയത്. വിളറി പൂണ്ട പന്നി നിരവധി പേരെ ഒാടിച്ചും വീടുകളിൽ കയറിയും ഭീതി പരത്തി. പന്നിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പന്നിയോട്ടുമൂലയിൽ നിന്നും ചാരുപാറ മേഖലയിലെത്തുകയും നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പന്നിയെ ഒാടിക്കാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് നാട്ടുകാർ വനപാലകരെ അറിയിച്ചു.

തുടർന്ന് പാലോട് പച്ചമലയിൽ നിന്നും എത്തിയ ബീറ്റ് ഫോറസ്റ്റ് ഒാഫീസർ അജിത്, ഫയർ വാച്ചർമാരായ സനൽ, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ രണ്ട് മണിക്കൂറോളം പണിപ്പെട്ട് പന്നിയുടെ കഴുത്തിൽ കുരുക്കിട്ട് പിടികൂടി. പന്നിയോട്ടുമൂല മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞയാഴ്ച പന്നിയോട്ടുമൂലയ്ക്ക് സമീപം പാണംകുഴിയിൽ പന്നിയെ തോട്ടിൽ വീണ് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇന്നലെ പിടികൂടിയ പന്നിയെ പേപ്പാറ വനത്തിൽ വിട്ടതായി ഫോറസ്റ്റ് ഒാഫീസർ അറിയിച്ചു.