malayinkil

മലയിൻകീഴ്: മലയിൻകീഴ് - കുണ്ടമൺകടവ് റോഡിലെ ഗതാഗതകുരുക്കിൽ യാത്രക്കാരും നാട്ടുകാരും വീർപ്പുമുട്ടുന്നു. രാവിലെ 8 മുതൽ രാത്രി 8 വരെ മലയിൻകീഴ് ജംഗ്ഷൻ, പേയാട്, തച്ചോട്ടുകാവ് എന്നീ സ്ഥലങ്ങൾ കടക്കാൻ യാത്രക്കാർ നന്നേ ബുദ്ധിമുട്ടുകയാണ്. കുണ്ടമൺകടവിൽ പുതിയ പാലം പ്രവർത്തനമാരംഭിച്ചെങ്കിലും പലപ്പോഴും ഗതാഗതകുരുക്ക് ഉണ്ടാകാറുണ്ട്. മലയിൻകീഴ് കുളക്കോട് ഭാഗത്ത് ബിവറേജസ് ഒൗട്ട്ലെറ്റ് തുടങ്ങിയത് മുതൽ ഇവിടെയും ഗതാഗതകുരുക്കും അപകടങ്ങളും പതിവായിട്ടുണ്ട്. ഒൗട്ട്ലെറ്റിന് മുൻവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന് പഞ്ചായത്തും വിവിധ സംഘടനാഭാരവാഹികളും പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തീരുമാനിച്ചിരുന്നെങ്കിലും പഴയപടി പാർക്കിംഗ് തുടരുകയാണ്. രണ്ട് പേർ ഈ ഭാഗത്ത് വാഹനാപകടത്തിൽ മരിച്ചത് അടുത്തിടെയാണ്. മലയിൻകീഴ് ബി.എസ്.എൻ.എൽ, സ്കൂൾ ജംഗ്ഷൻ എന്നിവയും അപകടക്കെണിയായി മാറി. വീതി കുറഞ്ഞ റോഡായതിനാൽ നിശ്ചിത ബസ് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്താത്തത് മലയിൻകീഴ് ജംഗ്ഷനിൽ ഗതാഗതകുരുക്കുണ്ടാക്കുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ക്ഷേത്ര ജംഗ്ഷന് സമീപത്ത് നിറുത്തണമെന്ന് കാട്ടി ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസുകൾ ഇപ്പോഴും മലയിൻകീഴ് ജംഗ്ഷനിലാണ് നിറുത്താറുള്ളത്. ഇത് നിയന്ത്രിക്കാൻ ചെക്കിംഗ് ഇൻസ്പെക്ടർ പലപ്പോഴും ഉണ്ടാകാറില്ല. മലയിൻകീഴ് പൊലീസ് അടുത്തിടെ ട്രാഫിക് സിഗ്നൽ തൂൺ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നിടത്ത് സ്ഥാപിച്ചെങ്കിലും കുരുക്കിന് കുറവൊന്നുമുണ്ടായിട്ടില്ല. നടപ്പാത കൈയേറിയുള്ള പാർക്കിംഗും ചെറുകിട കച്ചവടവും തകൃതിയാണിവിടെ. പേയാട് ഭാഗത്ത് കൈയേറ്റം ഒഴിപ്പിച്ച സ്ഥലങ്ങളിൽ അടിയന്തരമായി ടാറിംഗ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞെങ്കിലും നടപടിയൊന്നുമായില്ല. ഹയർസെക്കൻഡറി, വി.എച്ച്.എസ്.എസ്, ഐ.ടി.ഐ, ഗവൺമെന്റ് കോളേജ് എന്നീ വിദ്യാലയങ്ങളും നിരവധി സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മലയിൻകീഴ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും വാഹനപ്പെരുപ്പത്തിനനുസരിച്ച് ഇവിടത്തെ റോഡ് വികസിപ്പിച്ചിട്ടില്ല. വീതികൂട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്.