market

കല്ലറ: മാലിന്യവും തെരുവ് നായ്ക്കളും നിറഞ്ഞ് കല്ലറ ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ മാർക്കറ്റിൽ പകർച്ച വ്യാധി ഭീഷണി രൂക്ഷമാകുന്നു. ദുർഗന്ധം വമിക്കുന്ന മാർക്കറ്റിൽ ഇപ്പോഴും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കച്ചവടം. മാർക്കറ്റിലെ മാലിന്യങ്ങൾക്ക് പുറമെ പ്രദേശത്തെ കടകളിലെ മാലിന്യങ്ങളും നിക്ഷേപിക്കുന്നതും ഇവിടെ തന്നെ. മീൻ മാർക്കറ്റിൽ അഴുക്ക് ജലം കെട്ടിക്കിടന്ന് ഈച്ചയും കൊതുകും പെരുകി ആ ഭാഗത്തേക്ക് പോകാനാവില്ലെന്നും മാർക്കറ്റിലെത്തുന്നവന്നർ പറയുന്നു. കൊറോണ വെെറസിന്റെ ഭീഷണി നിലനിൽക്കുമ്പോഴും മാർക്കറ്റിൽ ഇതുവരെയും മുൻ കരുതലുകൾ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. നിരവധി വ്യവസായ സ്ഥാപനങ്ങളും ബാങ്കും സ്കൂളുകളുമൊക്കെയായി ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് കല്ലറ ജംഗ്ഷനിലെ മാർക്കറ്റിലെത്തുന്നത്. മാലിന്യം സംസ്‌ക‌രിക്കാനുള്ള വഴിയൊരുക്കി മാർക്കറ്റിന് ആവശ്യ സൗകര്യങ്ങളൊരുക്കണമെന്നും കച്ചവടക്കാർ മാലിന്യം തള്ളുന്നത് നിറുത്തലാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. യഥാസമയങ്ങളിൽ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള നടപടികൾ പഞ്ചായത്ത് കൈക്കൊള്ളണമെന്നും ചന്തയ്ക്കകം കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്.

പ്രശ്നം ഗുരുതരം

തെരുവ് നായ ശല്യം രൂക്ഷം

കച്ചവടം ഇപ്പോഴും മണ്ണിലിരുന്നു

മഴ പെയ്താൽ ചെളിക്കുളം

സ്ഥലപരിമിധി വെല്ലുവിളി

അശാസ്ത്രീയ നിർമ്മാണങ്ങൾ

അല്പം ചരിത്രം

കല്ലറ-പാങ്ങോട് സമരത്തിന്റെ ചരിത്രമുറങ്ങുന്ന മാർക്കറ്റ് മാറ്റിസ്ഥാപിച്ചത് പഞ്ചായത്ത് ബസ് സ്റ്റാൻഡ് വന്നതോടെയായിരുന്നു. ബ്രിട്ടിഷുകാരുടെയും സർ സി.പിയുടെയും അനധികൃത ചന്ത നികുതി പിരിവിനെതിരെ രാജ്യത്ത് ആദ്യത്തെ പ്രക്ഷോഭം നടന്നതും ഇൗ മാർക്കറ്റിലായിരുന്നു. ജില്ലയിലെ ഏറ്റവുമധികം മലഞ്ചരക്കു വ്യാപാരം നടന്നിരുന്നതും പഴങ്കഥ. ഭരതന്നൂർ, പാങ്ങോട്, മുതുവിള, പരപ്പിൽ, നെടുമങ്ങാട്, കരേറ്റ് എന്നിവിടങ്ങളിൽ നിന്ന് വരെ ഒരു കാലത്ത് വ്യാപാരികളും കർഷകരും തലച്ചുമടിലും കാളവണ്ടിയിലും ഉത്പനങ്ങൾ എത്തിച്ച് ക്രയവിക്രയങ്ങൾ നടത്തിയിരുന്നു.