തിരുവനന്തപുരം:കൊറോണ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഒരുലക്ഷം മാസ്‌കുകളും ആവശ്യത്തിന് സാനിറ്റൈസറുകളും നിർമ്മിച്ചു നൽകുമെന്ന് അവലോകന യോഗത്തിന് ശേഷം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അറിയിച്ചു. ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഫാഷൻ ഡിസൈനിംഗ് ആണ് മാസ്‌കുകൾ നിർമ്മിക്കുക. കുടുംബശ്രീ യൂണിറ്റിനാണ് സാനിറ്റൈസറിന്റെ നിർമ്മാണച്ചുമതല. ഇതിനുള്ള അസംസ്‌കൃത വസ്തുക്കൾ എക്‌സൈസ് വകുപ്പ് കൈമാറും. മാസ്‌ക് നിർമ്മാണത്തിനുള്ള തുണി വ്യവസായ വകുപ്പ് മുഖേന ഹാൻടെക്സ് ലഭ്യമാക്കും. ജില്ലയിലെ കൊറോണ രോഗപ്രതിരോധത്തിനുള്ള നടപടികൾ ബ്ലോക്ക്, ​ഗ്രാമ,​ ജില്ലാപഞ്ചായത്ത് അംഗങ്ങൾ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഇതിനായി ബ്ലോക്കുതലത്തിൽ അടിയന്തര യോഗം ചേരും. എം.എൽ.എമാരുൾപ്പെട്ട ഗ്രാമപഞ്ചായത്തുതല ആലോചനായോഗങ്ങൾ ഇന്ന് പൂർത്തിയാകും. ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ ലഘുലേഖയായി അച്ചടിച്ച് വീടുകളിൽ എത്തിക്കും. വാർഡുതല പ്രവർത്തനങ്ങൾക്കായി 15 പേരിൽ അധികരിക്കാത്ത വോളന്റിയർ ടീമിനെ സജ്ജീകരിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.