വിഴിഞ്ഞം: യന്ത്രത്തകരാറെന്ന വ്യാജേനെ ആഴ്ചകളായി ഉൾക്കടലിൽ നങ്കൂരമിട്ട് മീൻപിടിത്തം നടത്തിവന്ന ട്രോളർ ബോട്ട് തീരദേശ പൊലീസ് പിടികൂടി. നിരോധിത മാർഗമുപയോഗിച്ച് മീൻ പിടിക്കുന്നതായുള്ള മത്സ്യത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം സ്വദേശിയുടെ സെന്റ് ആൻഡ്ര്യൂസ് എന്ന ട്രോളർ ബോട്ടാണ് കഴിഞ്ഞ ദിവസം അധികൃതർ കസ്റ്റഡിയിലെടുത്തത്. ബോട്ട് കരയിലേക്ക് അടുപ്പിക്കാൻ തീരദേശ പൊലിസ് നിർദ്ദേശം നൽകിയതോടെ 40 കിലോമീറ്ററോളം ഓടിച്ചാണ് വിഴിഞ്ഞം തീരത്തെത്തിയത്. ഇതിലെ രേഖകളിലും സംശയമുള്ളതായി പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പ് കൊല്ലത്തു നിന്ന് മീൻപിടിക്കാൻ പുറപ്പെട്ട ബോട്ട് ഒരാഴ്ചചയായി വിഴിഞ്ഞത്തു നിന്ന് 24 നോട്ടിക്കൽ ഉൾക്കടലിൽ നങ്കൂരമിട്ടിരിക്കുന്നതായി അടിമലത്തുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരുടെ അന്വേഷണത്തിൽ എൻജിൻ തകരാറെന്നായിരുന്നു ബോട്ടുകാരുടെ മറുപടി. അടിമലത്തുറയിൽ നിന്നുള്ളവർ തീരദേശ പൊലീസിനെ വിവരമറിയിച്ചതോടെയാണ് ട്രോളറിനെ വിഴിഞ്ഞത്തടുപ്പിക്കാൻ അധികൃതർ നിർദ്ദേശം നൽകിയത്. പതിനൊന്ന് തൊഴിലാളികളുമായി എത്തിയ ബോട്ട് മറൈൻ എൻഫോഴ്സ്‌മെന്റിന് കൈമാറി. ഒരേ രജിസ്‌ട്രേഷൻ നമ്പറിൽ രണ്ട് ബോട്ടുകൾ മീൻ പിടിത്തം നടത്തുന്നതായി അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.