തിരുവനന്തപുരം: ഇരുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പുഞ്ചക്കരി മധുപാലം ഇലങ്കത്തറ കുന്നിൽ നിന്ന് മെയിൻ റോഡിലെത്തുന്നതിനുള്ള ഇടുങ്ങിയ റോഡ് അ​റ്റകു​റ്റപ്പണി ചെയ്‌ത് ഉടൻ സഞ്ചാരയോഗ്യമാക്കാമെന്ന് നഗരസഭാ സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉറപ്പുനൽകി. പ്രദേശവാസികളുടെ സുരക്ഷ മുൻനിറുത്തി എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി മെഡാമിനിക് നിർദ്ദേശം നൽകി. സുരക്ഷാവേലിയും വളവുകളിൽ സുരക്ഷാ കണ്ണാടിയും (കോൺകേവ് മിറർ) സ്ഥാപിക്കുന്ന കാര്യം പരിശോധിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് പുനർനിർമ്മിക്കണമെന്ന് കമ്മിഷൻ 2018ൽ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. നടപടിയെടുക്കാത്തതിനെ തുടർന്ന് കമ്മിഷൻ സെക്രട്ടറിക്കെതിരെ സമൻസ് പുറപ്പെടുവിച്ചു. തുടർന്ന് 2019 - 20 വാർഷിക പദ്ധതിയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. നിർവഹണ ഉദ്യോഗസ്ഥൻ കരാറിലും ഏർപ്പെട്ടിട്ടുണ്ട്. എത്രയും വേഗം പുനർനിർമ്മാണം പൂർത്തിയാക്കുമെന്നും സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കി.