തിരുവനന്തപുരം:വ്യവസായങ്ങൾ തുടങ്ങാനുള്ള ഭൂമിവാങ്ങാനും കെട്ടിടം നിർമ്മിക്കാനും നിലവിലെ വ്യവസ്ഥകളിൽ ഇളവ് വരുത്തി ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊച്ചിയിൽ നടത്തിയ ആഗോളനിക്ഷേപമേളയായ അസെൻഡിൽ വന്ന നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച അവലോകനയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
വ്യവസായങ്ങൾ തുടങ്ങാൻ 15 ഏക്കറിൽ കൂടുതൽ ഭൂമി വാങ്ങാൻ 1963ലെ കേരള ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യാനാണ് നടപടിയെടുക്കുക.നിലവിൽ പരമാവധി 15 ഏക്കർ ഭൂമിയേ കൈവശം വയ്ക്കാൻ പാടുള്ളൂ.
അസെൻഡിൽ പങ്കെടുത്ത സംരംഭകരുമായി 158 ധാരണാപത്രങ്ങളാണ് ഒപ്പുവച്ചത്. ഇവരെ സഹായിക്കാൻ 28 നോഡൽ ഓഫീസർമാരെ നിയോഗിച്ചു. ഇതിന്റെ തുടർച്ചയായി കെ.എസ്.ഐ.ഡി.സി.യിൽ ഇൻവെസ്റ്റർ ഫെസിലിറ്റേഷൻ സെൽ അടുത്തമാസം പ്രവർത്തനം ആരംഭിക്കും. 10 മീറ്ററിൽ താഴെ വീതിയുള്ള റോഡുകൾക്കടുത്ത് കെട്ടിട നിർമ്മാണ ചട്ടപ്രകാരം 18,000 ചതുരശ്ര മീറ്ററിൽ കുറഞ്ഞ കെട്ടിടമേ നിർമ്മിക്കാൻ കഴിയൂ. ഈ പരിധി എട്ട് മീറ്ററാക്കുന്നതിന് കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. കെ.എസ്.ഐ.ഡി.സിയുടെ വായ്പാപരിധി 35 കോടിയിൽ നിന്ന് 100 കോടിയായി ഉയർത്തും.