തിരുവനന്തപുരം: കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വായ്പകൾക്ക് തിരിച്ചടവിൽ അടുത്ത ജനുവരി 31 മൊറട്ടോറിയം അനുവദിക്കാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണിത്. എന്നാൽ,റിസർവ് ബാങ്കിന്റെ അനുമതിക്ക് ശേഷമേ ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ തുടങ്ങൂ .
അതേ സമയം ,ബാങ്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കാനും തിരിച്ചടവ് ക്രമീകരിക്കാനും അടിസ്ഥാനമാക്കുന്ന ദുരന്തങ്ങളുടെയും മറ്രും 12 ഇന പട്ടികയിൽ ഇത്തരം രോഗം (പാൻഡെമിക് ) ഇല്ലെന്ന സാങ്കേതിക പ്രശ്നമുണ്ട്. നേരത്തേ,പക്ഷിപ്പനി പടർന്നു പിടിച്ചപ്പോൾ കോഴിക്കൃഷിക്കാരുടെ വായ്പകൾക്ക് ആനുകൂല്യം അനുവദിച്ചതാണ് ഇതിനുമുമ്പുള്ള കീഴ് വഴക്കം.
പലിശ ഒഴിവാക്കില്ല
വായ്പ ക്രമീകരണവും മൊറട്ടോറിയവും ഇക്കഴിഞ്ഞ ജനുവരി 31 വരെ കിട്ടാക്കടമാകാത്ത വായ്പകൾക്ക് മാത്രമേ അനുവദിക്കൂ. അടുത്തവർഷം ജനുവരി 31 ന് ശേഷം വായ്പകൾ പുന:ക്രമീകരിക്കും. ഈ വർഷം അടയ്ക്കാതിരിക്കുന്ന അത്ര തവണകൾ കാലാവധിക്ക് ശേഷം കൂട്ടി നൽകും. ഇപ്പോൾ അടയ്കാതിരിക്കുന്ന പലിശയും കൂടി കണക്കിലെടുത്താകും വായ്പ പുന: ക്രമീകരിക്കുക. അതേ സമയം പലിശ ഒഴിവാക്കില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. എല്ലാ വിഭാഗം അക്കൗണ്ട് ഉടമകൾക്കും മൊറട്ടോറിയത്തിന്റെയും വായ്പ ക്രമീകരത്തിന്റെയും ആനുകൂല്യം ലഭിക്കും. എന്നാൽ സ്ഥിരവരുമാനക്കാരും ,സർക്കാർ ശമ്പളക്കാരും, കൃത്യമായി വായ്പാതിരിച്ചടവിന് കഴിയുന്നവരും മൊറട്ടോറിയത്തിന് പോകാതെ ഇപ്പോൾ തന്നെ അടയ്ക്കുന്നതാവും ലാഭകരം.
25,000 രൂപ വരെ
ഉപഭോക്തൃ വായ്പ
കൊറോണ നിമിത്തമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം ജോലി ഇല്ലാതായവർക്കും കച്ചവടം നഷ്ടപ്പെട്ടവർക്കും 10,000 രൂപ മുതൽ 25,000 രൂപവരെ ഉപഭോക്തൃ വായ്പ അനുവദിക്കാനും ബാങ്കേഴ്സ് സമിതി യോഗം തീരുമാനിച്ചു . മാസം 5000 രൂപ വീതമുള്ള ഗഡുക്കളായിട്ടാവും നൽകുക.