സൂറിച്ച് : യൂറോകപ്പും കോപ്പ അമേരിക്ക ഫുട്ബാളും ഉൾപ്പെടെ ലോകത്തെ ഒട്ടുമിക്ക കായിക മത്സരങ്ങളും കൊറോണയെ പേടിച്ച് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ ഒളിമ്പിക്സ് മാത്രം കൃത്യസമയത്ത് നടത്തുമെന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ നിലപാടിനെതിരെ അന്താരാഷ്ട്ര കായികരംഗത്ത് പ്രതിഷേധമുയരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാരാജ്യങ്ങളിലെയും ഒളിമ്പിക് അസോസിയേഷനുകളുമായും അന്താരാഷ്ട്ര കായിക ഫെഡറേഷനുകളുമായും ഐ.ഒ.സി അടിയന്തര ചർച്ചകൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ജൂലായ് 24 മുതൽ ടോക്കിയോയിൽ നടക്കേണ്ട ഗെയിംസ് മാറ്റുന്നതിനെപ്പറ്റി ഇപ്പോൾ തീരുമാനമെടുക്കേണ്ട എന്ന് നിശ്ചയിച്ചത്. നിശ്ചയിച്ച സമയത്തുതന്നെ ഗെയിംസ് നടത്താൻ തങ്ങൾ സജ്ജമാണെന്നും അത്‌ലറ്റുകൾ ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലനം തുടരണമെന്നും ഐ.ഒ.സി അറിയിച്ചിരുന്നു. മേയ് മാസത്തോടെ കൊറോണ ബാധ ശമിച്ചില്ലെങ്കിൽ മാത്രം ഗെയിംസ് മാറ്റിവയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചാൽ മതിയെന്നാണ് ഐ.ഒ.സി നിലപാടെന്ന് അറിയുന്നു.
എന്നാൽ ഇൗ നിലപാട് സാമന്യബോധവും ഉത്തരവാദിത്വവും ഇല്ലാത്തതാണെന്ന് ഐ.ഒ.സി അംഗവും അഞ്ച് വിന്റർ ഒളിമ്പിക്സുകളിലും സിഡ്നി ഒളിമ്പിക്സിലും പങ്കെടുത്തിട്ടുള്ള താരവുമായ ഹെയ്‌ലി വിക്കൻഹെയ്‌സർ പരസ്യമായി പ്രസ്താവിച്ചു. ലോകമെമ്പാടുമുള്ള നിരവധി കായിക താരങ്ങൾ ഇതിനെ അനുകൂലിച്ച് രംഗത്ത് വരികയും ചെയ്തു.
ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നത് അന്താരാഷ്ട്ര കായിക ഫിക്‌സ്‌ചറിന്റെ താളം തെറ്റിക്കുകയും മാർക്കറ്റിംഗ് വരുമാനത്തെ കാര്യമായി ബാധിക്കുകയും ചെയ്യുമെന്നുമുള്ളതുകൊണ്ടാണ് സമയത്ത് തന്നെ നടത്താൻ ഐ.ഒ.സി ശ്രമിക്കുന്നത്. മാറ്റിവയ്ക്കൽ ഐ.ഒ.സിയുടെ ഇമേജിനെ ബാധിക്കുമെന്ന ചിന്തയുമുണ്ട്. ഇതുകൊണ്ടാണ് ആതിഥേയരായ ജപ്പാന്റെ കായികമന്ത്രി ഉൾപ്പെടെ നീട്ടിവയ്ക്കണമെന്ന് പലതവണ പരസ്യമായി ആവശ്യപ്പെട്ടിട്ടും ഐ.ഒ.സി തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നത്.
ടോക്കിയോയിൽ ഒളിമ്പിക്സ് നടത്താനുള്ള വേദികൾ ഉൾപ്പെടെയുള്ളവ പൂർണ സജ്ജമാണ്. രോഗം ലോകത്തുനിന്ന് തുടച്ചുമാറ്റപ്പെട്ടാൽ ഒന്നോ രണ്ടോ മാസത്തിനകം അവശേഷിക്കുന്ന യോഗ്യതാ ടൂർണമെന്റുകൾ നടത്താമെന്നാണ് ഐ.ഒ.സി കണക്കുകൂട്ടൽ. വേണ്ടിവന്നാൽ കാണികളെ വിലക്കി ഗെയിംസ് നടത്താമെന്നും ആലോചനയുണ്ട്. അതേസമയം യൂറോ കപ്പും കോപ്പ അമേരിക്ക ഫുട്ബാളും ഒരുവർഷത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്.
പ്രതിഷേധത്തിന് 5 കാരണങ്ങൾ
1. ടോക്കിയോ ഒളിമ്പിക്സിൽ 11000 ത്തോളം അത്‌ലറ്റുകളാണ് പങ്കെടുക്കേണ്ടത്. ഇതിൽ 53 ശതമാനം പേർ മാത്രമേ ഇതുവരെ യോഗ്യത നേടിയിട്ടുള്ളൂ. ബാക്കിയുള്ള 43 ശതമാനം പേർക്ക് യോഗ്യതാ ചാമ്പ്യൻഷിപ്പുകളിലൂടെയേ കടന്നുവരാനാകൂ. പെട്ടെന്ന് ഇത് നടത്തുന്നത് തങ്ങളുടെ പ്രകടനത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്ന് കായിക താരങ്ങൾ ഭയപ്പെടുന്നു.
2. ലോകമെങ്ങും വൈറസിന്റെ ഭീതിയിലാണ്. ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നതുപോലും വിലക്കിയിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ പരിശീലനം തുടരുന്നത് എങ്ങനെയെന്നാണ് ചോദ്യം.
3. വ്യക്തിഗത ഇനങ്ങളിൽ കായിക താരങ്ങൾക്ക് പരിശീലനം നടത്താമെങ്കിലും ടീമിനങ്ങളിൽ പരിശീലനത്തിനായി ഒത്തുകൂടുന്നത് ആരോഗ്യത്തിന് ഭീഷണിയാകും.പലരാജ്യങ്ങളും ഇത് അനുവദിക്കുന്നില്ല. ടീമംഗങ്ങൾ അവരവരുടെ വീടുകളിലുമാണ്.
4. അഞ്ചുമാസത്തോളമാണ് ഒളിമ്പിക്‌സിന് ഇനി ശേഷിക്കുന്നത്. ഇതിനുള്ളിൽ രോഗം പൂർണമായും തുടച്ചുമാറ്റപ്പെടുമെന്ന് ഒരുറപ്പും ലഭിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് ഒളിമ്പിക്‌സിന് പങ്കാളികളെത്തും. ആ സാഹചര്യത്തിൽ വൈറസ് ബാധയുണ്ടായിരുന്നാൽ വലിയൊരു അപകടത്തിന് വഴിതുറക്കും.
5. വിദേശയാത്രകൾ പോയിട്ട് സ്വന്തം രാജ്യത്തുപോലും യാത്രകൾ നടത്താനാവുന്നില്ല. പല താരങ്ങളുടെയും പരിശീലനം മുടങ്ങിയിരിക്കുകയാണ്. വർഷങ്ങളുടെ നിരന്തര പരിശീലനത്തിലൂടെയാണ് പലരും ഒളിമ്പിക്സിനെത്തുന്നത്. ഇൗ ഇടവേളയ്ക്ക് ശേഷം ഗെയിംസിനെത്തിയാൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് ഒരുറപ്പുമില്ല. മനസമാധാനത്തോടെ ഗെയിംസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അതും പ്രകടനത്തെ ബാധിക്കും.
കൊറോണ ഉയർത്തുന്ന പ്രശ്നം ഒളിമ്പിക്സിനേക്കാൾ വലുതാണ്. അത്‌ലറ്റുകൾക്ക് പരിശീലിക്കാനോ യാത്ര ചെയ്യാനോ കഴിയുന്നില്ല. സ്പോൺസർമാർക്കും മാർക്കറ്റിംഗുകാർക്കും എങ്ങനെ സ്വതന്ത്രമായി ഇതിൽ പങ്കാളികളാകാൻ കഴിയും? ഗെയിംസ് മാറ്റിവയ്ക്കേണ്ടന്നത് തികച്ചും സാമാന്യബോധമില്ലാത്തതും ഉത്തരവാദിത്വമില്ലാത്തതുമായ തീരുമാനമാണ്.
ഹെയ്‌ലി വിക്കൻഹേയ്‌സർ
ഐ.ഒ.സി അംഗം
ഐ.ഒ.സി കായിക താരങ്ങളുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെയും ആരോഗ്യത്തെ പന്താടുകയാണ്. പരിശീലനം തുടരാൻ പറയുന്നതിലൂടെ നാലുമാസത്തിന് ശേഷമല്ല ഇപ്പോഴേ നിങ്ങൾ ഞങ്ങളെ അപകടത്തിലാക്കിയിരിക്കുന്നു.
കാതറിന സ്റ്റെഫാനിഡി
ഗ്രീക്ക് പോൾവാട്ട് ചാമ്പ്യൻ
ഇൗ സാഹചര്യത്തിൽ പൂർണമനസോടെ ഒരു കായിക താരത്തിനും പരിശീലനം തുടരാനാവില്ല. ഐ.ഒ.സി പിടിവാശി മാറ്റിവയ്ക്കണം.
ജോൺസൺ തോംപ്സൻ
വേൾഡ് ഹെപ്റ്റാത്‌ലൺ ചാമ്പ്യൻ
എല്ലാ രാജ്യത്തെയും സ്ഥിതി ഒരുപോലെയല്ല. പലയിടത്തും താരങ്ങൾക്ക് പരിശീലന സ്ഥലത്ത് എത്താൻപോലും കഴിയുന്നില്ല. ഒളിമ്പിക്സ് മാറ്റുന്നതാണ് ഏറ്റവും നല്ലത്.
പാസ്കൽ മാർട്ടിനോട്ട്
ഫ്രഞ്ച് അത്‌ലറ്റ്
ഒളിമ്പിക്സിൽ പങ്കെടുക്കാമെന്നുള്ള എന്റെ സ്വപ്നങ്ങളെ കൊറോണ തകർക്കുമെന്നാണ് തോന്നുന്നത്. ഒറ്റയ്ക്കാണ് പരിശീലനം നടത്തുന്നത്. കൂടെ ഒാടാൻപോലും ആരുമില്ല. 24 മണിക്കൂറും കൈകൾ കഴുകിക്കൊണ്ടിരിക്കുകയാണ്.
ദ്യുതി ചന്ദ്
ഇന്ത്യൻ അത്‌ലറ്റ്
ഒളിമ്പിക് ദീപശിഖ പ്രയാണത്തിനായി നാളെ ജപ്പാനിലെത്തുകയാണ്. എന്നാൽ പ്രയാണം കാണാൻ വളരെക്കുറച്ചുപേരെ മാത്രമേ റോഡരികിൽ അനുവദിക്കൂ എന്ന് ജപ്പാൻ അറിയിച്ചിട്ടുണ്ട്. ഏതൻസിൽ ദീപശിഖ തെളിച്ചതും കാണികൾ ഇല്ലാതെയാണ്.
ജപ്പാൻ ഒളിമ്പിക് കമ്മിറ്റി ഡെപ്യൂട്ടി ചീഫ് കാസോ താഷിമയ്ക്കും കഴിഞ്ഞദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു.