തിരുവനന്തപുരം: ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ ബാധിച്ച ഡോക്ടറുമായി ഇടപഴകിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങി. ശനിയാഴ്ച ആശുപത്രിയിലെ കാർഡിയാക്ക് വിഭാഗത്തിന്റെ യോഗത്തിൽ പങ്കെടുത്തവരുടെ വിവരങ്ങളാണ് ഇന്നലെ ശേഖരിച്ചത്. ഈ യോഗത്തിൽ രോഗബാധിതനായ ഡോക്ടർ പങ്കെടുത്തിരുന്നു. ജീവനക്കാർക്ക് പ്രത്യേക ഫോമുകൾ നൽകിയാണ് വിവരങ്ങൾ ശേഖരിച്ചത്. ഈ മാസം ഏഴിന് നടന്ന യോഗത്തിൽ പങ്കെടുത്തവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. 13നാണ് കൊറോണ സ്ഥിരീകരിച്ച ഡോക്ടറെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്. അതേസമയം ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയ രണ്ട് നഴ്സുമാർക്ക് ലക്ഷണങ്ങൾ കണ്ടതോടെ ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ആശുപത്രിയുടെ പ്രവർത്തനം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. ഒ.പികൾ ഇല്ല. ശസ്ത്രക്രിയകളും നിലച്ചു. ആശുപത്രിയിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. വരുന്നവരെ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയുമാണ്. അതേസമയം, പ്രാഥമിക പരിശോധനയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഫലം പോസിറ്റീവ് അല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിശദമായ ഫലത്തിനായി കാത്തിരിക്കുകയാണ്. നൂറോളം ജീവനക്കാർ ക്വാറന്റൈൻ സ്വയം തിരഞ്ഞെടുത്ത് വീടുകളിലാണ്. രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. രോഗലക്ഷണങ്ങൾ ഉള്ളവരുണ്ടോ എന്നറിയാൻ ഇന്നലെ പരിശോധന നടത്തി. ജീവനക്കാരുടെയും ഫാക്കൽറ്റിയുടെയും സഹായത്തോടെ ക്വാറന്റൈനിൽ കഴിയുന്ന ജീവനക്കാർക്കായി ക്ഷേമപ്രവർത്തനങ്ങൾ ആരംഭിച്ചതായും ശ്രീചിത്രാ അധികൃതർ അറിയിച്ചു.