തിരുവനന്തപുരം : നാലു ജില്ലകളിലെ കള്ളുഷാപ്പ് ലേലം ഇന്നലെ നടന്നു. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലെ ലേലമാണ് ഇന്നലെ നടന്നത്. കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ ഹാളിലെ ലേലം മാറ്റിവച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെയാണ് രണ്ടു റൗണ്ട് പൂർത്തിയാക്കിയ ലേലം മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ശേഷിക്കുന്ന ജില്ലകളിലേക്കുള്ള ലേലം ഇന്ന് നടക്കും.
ജില്ലാ കളക്ടറേറ്റുകളിൽ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ടുമാരുടെ ചുമതലയിലാണ് ലേലം നടന്നത്. നിലവിലെ കാലാവധി 31 ന് അവസാനിക്കും. നിലവിൽ ലേലമെടുത്തിട്ടുള്ളവരിൽ തുടരാൻ താത്പര്യപ്പെട്ടവർക്കാണ് മിക്കയിടത്തും ലേലം ഉറപ്പിച്ചു നൽകിയത്.
ടോഡി ബോർഡ് നിലവിൽ വരുന്നതുവരെയാണ് കാലാവധി. ടോഡി ബോർഡ് നിലവിൽ വരാൻ താമസിച്ചാൽ മൂന്ന് വർഷം വരെ കാലാവധി ലഭിക്കുമെന്നാണ് നിബന്ധന.
എറണാകുളം കളക്ടറേറ്റിൽ നടന്ന ലേലം ഉച്ചവരെ നിറുത്തിവച്ചിരുന്നെങ്കിലും പിന്നീട് കച്ചേരിപ്പടിയിലെ എക്സൈസ് ഓഫീസിൽ തുടർന്നു.
13 ജില്ലകളിലെ 76 റേഞ്ചുകളിലേക്കുള്ള ലേലമാണ് രണ്ടു ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്നത്. ലേല ഹാളിൽ എത്തുന്നവർക്കായി സാനിറ്റൈസറും മാസ്‌കും മറ്റും സജ്ജമാക്കിയിരുന്നു.