തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂയായി കുറച്ചുകൊണ്ടുള്ള ഉത്തരവ് വിജ്ഞാപനമായി 17ന് രാത്രി പുറത്തിറങ്ങിയതോടെ ഇന്നലെ മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. ഇനി പരമാവധി വിലയിൽ കൂടുതൽ കുപ്പിവെള്ളം വിൽക്കുവാൻ പാടില്ല. ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുവാൻ ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്‌പെക്ടർമാരെയും താലൂക്ക് സപ്ലൈ ആഫീസർമാരെയും ഭക്ഷ്യവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
വില കൂട്ടി വില്പനനടത്തിയെന്ന് പരാതി ലഭിച്ചാൽ സിവിൽ സപ്ളൈസ് താലൂക്ക് സപ്ലൈസ് ഓഫീസർക്കും ഇൻസ്പെക്ടറുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനും കുപ്പിവെള്ളത്തിന്റെ സ്റ്റോക്ക് പരിശോധിക്കാനും വാഹനം പരിശോധിക്കാനും രേഖകൾ പിടിച്ചെടുക്കാനും അധികാരമുണ്ട്.
നേരത്തെ തന്നെ കുപ്പിവെള്ളത്തെ കേരള അവശ്യ സാധന നിയന്ത്രണ നിയമം 1986 പ്രകാരം അവശ്യസാധനമായി പ്രഖ്യാപിച്ചിരുന്നു.
അട്ടിമറി നീക്കം വെളിച്ചത്തുകൊണ്ടു വന്നത് കേരളകൗമുദി
2018 ഏപ്രിലിലാണ് വില കുറയ്ക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തത്.ലിറ്ററിന് 10 രൂപയ്ക്കു വിൽക്കാൻ കുപ്പിവെള്ള നിർമ്മാതാക്കളുടെ സംഘടനയായ കേരള ബോട്ടിൽവാട്ടർ മാനുഫാച്ചേഴ്സ് അസോസിയേഷന്റെ തീരുമാനമായിരുന്നു കാരണം
2018മാർച്ച് രണ്ട് മുതൽ 12 രൂപയ്ക്ക് വിൽക്കുമെന്ന് പ്രഖ്യാപനവും ഉണ്ടായി. ചില വൻകിട നിർമ്മാതാക്കളും വ്യാപാരികളും എതിർത്തതോടെ അത് ജലരേഖയായി.
അട്ടമറി നീക്കത്തെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു.
തുടർന്ന് ഓർഡിനൻസിലൂടെ കുപ്പിവെള്ള വില 12 രൂപയാക്കാൻ ഏപ്രിലിൽ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു.
വീണ്ടും കുപ്പിവെളള ലോബിയുടെ ഇടപെടൽ എത്തി. ചില ഉന്നത ഉദ്യോഗസ്ഥർ തന്നെ തീരുമാനം വൈകിപ്പിക്കാൻ നീക്കം നടത്തി
കേരളകൗമുദി ഈ നീക്കവും വെളിച്ചത്തുകൊണ്ടു വന്നു.
തുടർന്ന് നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഭക്ഷ്യ മന്ത്രി പി. തിലോമത്തമൻ നിർദ്ദേശം നൽകുകയായിരുന്നു.