kovalam

കോവളം :വിവിധ പ്രദേശങ്ങളിൽ വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന അഞ്ചംഗ സംഘത്തെ വിഴിഞ്ഞം പോലീസ് പിടികൂടി. കഴിഞ്ഞ ആറുമാസമായി പ്രദേശത്ത് വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം പോകുന്നതായുള്ള പരാതിയെ തുടർന്ന് വിഴിഞ്ഞം സി.ഐ എസ്.ബി പ്രവീണിന്റെ നേതൃത്വത്തിൽ സപെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഫിലിപ്സൻ (21) ,ഡിജിൻ (18) ,സ്റ്റെനിൻ (18 ) ,റിജിൻ (18) കരിങ്കുളം കല്ലുമുക്ക് സെൻറ് ആൻഡ്രൂസ് സ്കൂളിന് സമീപം താമസക്കാരനായ ജിനു (20) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരംകുളം സ്വദേശിയായ വിൻസെന്റിന്റെ മൂന്ന് ലോറികളുടെ ബാറ്ററികളും വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയുടെ ആട്ടോറിക്ഷയുടെ ബാറ്ററിയും മോഷണം പോയ കേസിൽ ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. വിഴിഞ്ഞം സി.ഐ എസ്.ബി പ്രവീണിൻറെ നേതൃത്വത്തിൽ എസ്.ഐ മാരായ എസ്.എസ്.സജി,രഞ്ജിത്ത് ജി.കെ, രജീഷ് ,സി.പി.ഒ മാരായ ജോസ്, അജികുമാർ,കൃഷ്ണകുമാർ ,സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.