sslc-students-boys

കഴക്കൂട്ടം: അഞ്ച് സ്കൂളുകളിലേക്കുള്ള എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി കഴക്കൂട്ടം സബ് ട്രഷറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ചോദ്യപേപ്പർ സമയത്തിന് എടുക്കാൻ കഴിയാതെ വന്നത് അദ്ധ്യാപകരെയും ജീവനക്കാരെയും തെല്ലുനേരം കുഴപ്പിച്ചു. ഇന്നലെ നടന്ന എസ്.എസ്.എൽ.സി ഹിന്ദി ചോദ്യപേപ്പർ ആണ് ലോക്കറിലെ സാങ്കേതിക തകരാറിനെ തുടർന്ന് എടുക്കാനാവാത്ത അവസ്ഥ വന്നത്.

തുടർന്ന് ഉദ്യോഗസ്ഥർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വിവരമറിയിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പരീക്ഷാ ഭവനുമായി ബന്ധപ്പെടുകയും അവിടെ നിന്ന് വേറെ സെറ്റ് ചോദ്യപേപ്പർ രാവിലെ ഒമ്പതോടെ സ്കൂളുകളിൽ എത്തിക്കുകയുമായിരുന്നു.

ലോക്ക‌ർ തുറക്കാനാകാതെ വന്നപ്പോൾ ആദ്യം അങ്കലാപ്പിലായെങ്കിലും നേരം കളയാതെ ഉദ്യോഗസ്ഥർ ഡി.ഇ.ഒയെ വിവരമറിയിച്ചതിനാൽ കുട്ടികളുടെ പരീക്ഷ തടസ്സപ്പെട്ടില്ല.

കണിയാപുരം മുസ്ലിം ബോയ്സ് സ്കൂൾ, കണിയാപുരം മുസ്ലീം ഗേൾസ് ഹൈസ്കൂൾ, കഴക്കൂട്ടം സെന്റ് വിൻസെന്റ്, കഴക്കൂട്ടം അൽ ഉത്‌മാൻ, കഴക്കൂട്ടം ഗവ.ഹൈസ്കൂൾ എന്നീ സ്കൂളുകളിലേക്കുള്ള ചോദ്യപേപ്പറുകളായിരിന്നു ലോക്കറിലുണ്ടായിരുന്നത്.

പത്തോടെ വിദഗ്ദ്ധരെത്തി ലോക്കർ തുറന്നു. ഇന്നു നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പറും ലോക്കറിൽ ഉണ്ട്. സാങ്കേതിക തകരാർ പരിഹരിച്ചതായി ജില്ലാ ട്രഷറി ഓഫീസർ ഷാനവാസ് അറിയിച്ചു.