കൊറോണയുടെ പശ്ചാത്തലത്തിൽ എ.എഫ്.സി. കപ്പ് ഫുട്ബാൾ ടൂർണമെന്റ് മാറ്റിവച്ചതായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. പശ്ചിമേഷ്യയിലെ മത്സരങ്ങൾ നേരത്തെത്തന്നെ മാറ്റിവച്ചിരുന്നു. സൗത്ത്, സെൻട്രൽ, സൗത്ത് ഇൗസ്റ്റ്, ഇൗസ്റ്റ് ഏഷ്യൻ സോണുകളിലെ മത്സരങ്ങളാണ് ഇപ്പോൾ മാറ്റിയത്. മാർച്ച്-ഏപ്രിൽ മാസങ്ങളിലായാണ് ഇൗ മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്.
ഏഷ്യൻ വൻകരയിലെ സെക്കൻഡ് ഡിവിഷൻ ടൂർണമെന്റാണ് എ.എഫ്.സി കപ്പ്.ജോർദാൻ, ലെബനൻ, സിംഗപൂർ, ബംഗ്ളാദേശ്, തജികിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ക്ളബുകളാണ് ഇൗ ടൂർണമെന്റിൽ പങ്കെടുക്കേണ്ടത്.
ഫസ്റ്റ് ഡിവിഷൻ ലീഗായ ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ മത്സരങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ജപ്പാൻ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഫുട്ബാൾ ലീഗുകളും ഏറെനാളായി തടസപ്പെട്ടിരിക്കുകയാണ്.
പി.എസ്.എൽ
ഫലം കാത്ത്
100 പേർ
ഇംഗ്ളണ്ട് ക്രിക്കറ്റർ അലക്‌സ് ഹേൽസ് കൊറോണ ലക്ഷണങ്ങളോടെ നാട്ടിലേക്ക് മടങ്ങിയതോടെ പാകിസ്ഥാൻ സൂപ്പർ ലീഗിലെ അവേശഷിക്കുന്ന മത്സരങ്ങൾ മാറ്റിയെങ്കിലും ലീഗിൽ പങ്കെടുത്ത കളിക്കാരും സ്റ്റാഫുമടക്കം നൂറോളം പേർ ആശങ്കയിലാണ്. ഇവരുടെ സ്രവ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.കടുത്ത പനിയും ചുമയും അനുഭവപ്പെട്ട ഹേൽസ് തിരികെ ബ്രിട്ടനിലെത്തിയിട്ടുണ്ട്. അസുഖം ബാധിച്ചതിനാൽ കുടുംബത്തിനൊപ്പമെത്താനാണ് താൻ പാകിസ്ഥാനിൽനിന്ന് മടങ്ങിയതെന്ന് ഹേൽസ് പറഞ്ഞു. താരം ഇപ്പോൾ നിരീക്ഷണത്തിലാണ്.
കൊറോണ വൈറസ് ക്രിക്കറ്റിനേക്കാൾ പ്രധാനപ്പെട്ടതാണ് ഇൗ പ്രശ്നത്തെ ഗൗരവത്തോടെ കണ്ടേ മതിയാകൂ.
ടിം പെയ്ൻ
ആസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്ടൻ
ദക്ഷിണാഫ്രിക്കൻ
ക്രിക്കറ്റർമാർ
നിരീക്ഷണത്തിൽ
ഇന്ത്യയുമായുള്ള ഏകദിന പരമ്പര റദ്ദാക്കിയതിനെതുടർന്ന് നാട്ടിൽ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾ അവരവരുടെ വീടുകളിൽ കർശന നിരീക്ഷണത്തിലാണ്. 14 ദിവസത്തേക്ക് താരങ്ങൾക്ക് ക്വാറന്റൈൻ ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഹിമാചൽ പ്രദേശിലെ ആദ്യ ഏകദിനം മഴകാരണം ഉപേക്ഷിച്ചതോടെ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ലക്നൗവിൽ രണ്ടാംഏകദിനത്തിന് എത്തിയതോടെയാണ് പരമ്പര റദ്ദാക്കിയത്. തുടർന്ന് മുംബയ് വഴി താരങ്ങളെ തിരിച്ചയ്ക്കുകയായിരുന്നു. യാത്രയ്ക്കിടെ രോഗബാധയുണ്ടാകുമോ എന്ന് കളിക്കാർ ഭയന്നിരുന്നതായും ഇപ്പോൾ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു.
ഐ.പി.എൽ
സെപ്തംബറിൽ?
ഏപ്രിൽ 15 വരെ നിറുത്തിവച്ചിരിക്കുന്ന ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾ സെപ്തംബറിലേക്ക് മാറ്റാൻ ബി.സി.സി.ഐ ആലോചിക്കുന്നു. ഏപ്രിൽ 15 കഴിഞ്ഞാലും മത്സരങ്ങൾ നടത്താൻ കഴിയുന്ന കാര്യത്തിൽ സംശയമായതിനാലാണ് ഇൗ ആലോചന.
60 മത്സരങ്ങളാണ് ഇൗ സീസണിൽ നടത്തേണ്ടത്. ഇൗമാസം 29ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വന്നതോടെ രണ്ടാഴ്ച നീട്ടിവയ്ക്കാൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ 15ന് ശേഷം ആരംഭിക്കാൻ കഴിയുന്ന കാര്യത്തിൽ ഇപ്പോൾ ഒരുറപ്പുമില്ല. തുടർച്ചയായി 37 ദിവസങ്ങളെങ്കിലും മത്സരങ്ങൾ നടത്താൻ വേണം. ഏപ്രിൽ -മേയ് മാസങ്ങളിൽ ഇത്രയും ദിവസങ്ങൾ ലഭിച്ചില്ലെങ്കിൽ സെപ്തംബറിലും ട്വന്റി 20 ലോകകപ്പിന് മുമ്പായി ഒക്ടോബറിലും മത്സരങ്ങൾ നടത്താമെന്നാണ് ചിന്തിക്കുന്നത്. ഇൗസമയത്ത് മറ്റു രാജ്യങ്ങൾക്ക് അധികം മത്സരങ്ങൾ ഇല്ലാത്തതാണ് ഇൗ ആലോചനയ്ക്ക് പിന്നിൽ.
പൗരൻമാരെന്ന നിലയിൽ നമ്മൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. കൊറോണയെ ദൂരത്തുനിറുത്താൻ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പൂർണമായി അനുസരിക്കണം.
സച്ചിൻ ടെൻഡുൽക്കർ