കോവളം: കോവളം മുതൽ കഴക്കൂട്ടം വരെയുള്ള നാലുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തിരുവല്ലം മുതൽ കോവളം ജംഗ്ഷൻ വരെയുള്ള പ്രധാന ജംഗ്ഷനുകൾ ഇരുട്ടിൽ. കോവളം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ തെരുവ് വിളക്കുകളെല്ലാം പ്രവർത്തനരഹിതമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. കഴക്കൂട്ടം - കാരോട് ബൈപാസും ബീച്ച് റോഡ് ഉൾപ്പെടെ മറ്റു നാല് റോഡുകളും സന്ധിക്കുന്ന ജംഗ്ഷനാണിത്. ഇടറോഡുകളിൽ നിന്ന് ജംഗ്ഷനിലെത്തുന്ന വാഹനങ്ങളും ബീച്ചിലേക്കുള്ള വാഹനങ്ങളും ഗതാഗതത്തിരക്കേറിയ ബൈപാസും ചേരുന്ന ഇവിടെ വലിയ അപകടഭീഷണിണുള്ളത്. ഈ ഭാഗങ്ങളിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചം മാത്രമാണ് ആശ്രയം. വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് പലപ്പോഴും ഇതുവഴി കടന്നുപോകുന്നത്.
ഈ പ്രദേശത്ത് തെരുവുനായ ശല്യം കൂടുതലായതിനാൽ രാത്രിയിൽ വേഗത്തിലെത്തുന്ന വാഹനയാത്രികർ പലപ്പോഴും ഇരുട്ടിൽ നായ്ക്കളെ കാണാത്തതും അപകടത്തിനിടയാക്കുന്നു.
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ട് എട്ട് വർഷം
--------------------------------------------------------------
2012ൽ ജംഗ്ഷനിൽ സ്ഥാപിച്ച ലൈറ്റ് മേയറായിരുന്ന ജെ. ചന്ദ്രികയാണ് ഉദ്ഘാടനം ചെയ്‌തത്. ത്രീഫേസ് കണക്ഷനായതിനാൽ മാസം ശരാശരി 7000 രൂപ ചെലവ് വേണ്ടി വരും. നഗരസഭയുടെ തിരുവല്ലം സോണലിൽ നിന്നുമാണ് പണം കെ.എസ്.ഇ.ബിയുടെ സെക്ഷനിൽ അടയ്‌ക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന ലൈറ്റ് ഹൈവേ അതോറിറ്റി അധികൃതർ മാറ്റിസ്ഥാപിച്ച ശേഷം പലപ്പോഴും കത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇരുട്ടിലായ മറ്റ് സ്ഥലങ്ങൾ
------------------------------------------------
കോവളം ജംഗ്ഷൻ,
വെള്ളാർ ജംഗ്ഷൻ,
വാഴമുട്ടം ജംഗ്ഷൻ,
പാച്ചല്ലൂർ -കൊല്ലംതറ,
തിരുവല്ലം
സ്ഥാപിച്ചത് 2012ൽ
ചെലവ് 8 ലക്ഷം
മാസ ചെലവ് 7000
രാത്രികാലങ്ങളിൽ ഇവിടെ അപകടങ്ങൾ പതിവാണ്
സമീപത്തെ കടകളുടെ വെളിച്ചം മാത്രമാണുള്ളത്
അപകടസാദ്ധ്യത അധികൃതർ അവഗണിക്കുന്നു
അധികൃതരുടെ അലംഭാവം തുടരുന്നു
കാൽനട യാത്രക്കാരും ദുരിതത്തിൽ