dhawan-
dhawan

കൊറോണ ഭീതികാരണം പരിശീലനത്തിന് പോകാൻ കഴിയാതെ വീട്ടിലിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റർ ശിഖർ ധവാൻ. വ്യായാമത്തിനായി ജിംനഷ്യത്തിൽപോലും പോകാൻ കഴിയുന്നില്ല. എങ്കിലും വ്യായാമം മുടക്കാൻ ധവാൻ തയ്യാറല്ല. വീട്ടുമുറ്റത്തെ ഒരു മരത്തിൽ കയറുകെട്ടി വ്യായാമം നടത്തുകയാണിപ്പോൾ. തന്റെ പരിശീലനത്തിന്റെ വീഡിയോ ദൃശ്യം ധവാൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

പുല്ലുചെത്തി

മിൽനർ

ഒന്നും ചെയ്യാതെ വീട്ടിലിരിക്കുമ്പോൾ സമയം പോകാനായി താൻ ചെയ്യുന്ന കാര്യങ്ങൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് കൈമാറുകയാണ് ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് ലിവർപൂളിന്റെ സൂപ്പർതാരം ജെയിംസ് മിൽനർ. ഒരാഴ്ചത്തേക്കുള്ള തന്റെ ടീ ബാഗുകൾ ദിവസമനുസരിച്ച് അടുക്കിവയ്ക്കുന്ന വീഡിയോയാണ് ആദ്യംപുറത്തുവിട്ടത്. പിന്നാലെ മുറ്റത്തെ പുല്ലിന്റെ വളർച്ച സ്കെയിൽവച്ച് പരിശോധിച്ച് മുറിച്ചുമാറ്റുന്ന വീഡിയോയും വന്നു.

സഹായവുമായി സിമോണ

രോഗബാധിതരെ പരിചരിക്കാൻ വേണ്ട ഉപകരണങ്ങൾ വാങ്ങിക്കാൻ ആശുപത്രികൾക്ക് പണം നൽകുകയാണ് റൊമേനിയൻ ടെന്നിസ് താരം സിമോണ ഹാലെപ്പ്. ബുക്കാറസ്റ്റിലെ ആശുപത്രികളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് വേണ്ട സാധനങ്ങൾ എത്തിക്കുന്നതിനും സിമോണ മുന്നിലുണ്ട്.

ഹോട്ടൽ വിട്ടുകൊടുത്ത്

ചെൽസി ക്ളബ്

കൊറോണ രോഗബാധിതരെ പരിചരിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്ക് വിശ്രമിക്കാൻ തങ്ങളുടെ സ്റ്റേഡിയത്തിനകത്തെ ടീം ഹോട്ടൽ വിട്ടുകൊടുത്തിരിക്കുകയാണ് ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ചെൽസി. മെഡിക്കൽ സ്റ്റാഫുകൾക്കായി മുറികൾ നൽകുക മാത്രമല്ല ചെയ്യുന്നത്. അവർക്ക് ആവശ്യമായ ആഹാരവും വിനോദ സാമഗ്രികളും നൽകുന്നുണ്ട്. രണ്ടുമാസത്തേക്ക് എല്ലാ സൗകര്യങ്ങളും ഇവർക്ക് നൽകാനാണ് ക്ളബിന്റെ തീരുമാനം.

മാത്യുഡിക്കും കൊറോണ രോഗബാധ

റോം : ഇറ്റാലിയൻ ഫുട്ബാൾ ക്ളബ് യുവന്റസിന്റെ ഫ്രഞ്ച് താരം ബ്ളെയ്സ് മാത്യുഡിക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ യുവന്റസ് താരം റുഗാനിയും രോഗബാധിതനായിരുന്നു. ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ് താരമെന്ന് ക്ളബ് അധികൃതർ അറിയിച്ചു.