french-open-tennis
french open tennis

കൊറോണയെ ഭയന്ന് ഫ്രഞ്ച് ഒാപ്പൺ ടെന്നിസ് ടൂർണമെന്റ് സെപ്തംബറിലേക്ക് മാറ്റിയതിൽ പ്രതിഷേധവുമായി ചില കായികതാരങ്ങൾ. കൃത്യമായ പ്ളാനിംഗില്ലാതെ പൊടുന്നനെ ഗെയിംസ് മാറ്റിയത് ശരിയായില്ലെന്നാണ് പരാതി. സെപ്തംബർ 20ന് ടൂർണമെന്റ് തുടങ്ങാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ യു.എസ് ഒാപ്പൺ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ടൂർണമെന്റ് നടത്തുന്നത് ശരിയല്ലെന്ന് കനേഡിയൻ താരം വാസെക്ക് പോപ്‌സിൽ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നു. താരങ്ങളുമായി ആലോചിച്ച് കൂടുതൽ സൗകര്യപ്രദമായ ഒരു തീയതിയിലേക്ക് മാറ്റണമെന്നാണ് പലരുടെയും ആവശ്യം. എ.ടി.പി പ്ളേയേഴ്സ് കൗൺസിലുമായി ആലോചിച്ചശേഷമല്ല പുതിയ തീയതി നിശ്ചയിച്ചതെന്നും പരാതിയുണ്ട്.

യു.എസ്. ഒാപ്പൺ

മാറ്റിയേക്കും

അമേരിക്കയും വൈറസിന്റെ പിടിയിലായതോടെ ആഗസ്റ്റ് 24 മുതൽ സെപ്തംബർ 13 വരെ ന്യൂയോർക്കിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന യു.എസ് ഒാപ്പൺ ടെന്നിസ് ടൂർണമെന്റും നീട്ടിവച്ചേക്കും.കഴിഞ്ഞദിവസം യു.എസ് ഒാപ്പൺ സംഘാടക സമിതി ഇക്കാര്യത്തിൽ അടിയന്തര ചർച്ചകൾ നടത്തിയിരുന്നു. ഫ്രഞ്ച് ഒാപ്പൺ മാറ്റിവച്ച പശ്ചാത്തലത്തിൽ അതേ തീരുമാനം തന്നെ യു.എസ് ഒാപ്പണിലും വരാനാണ് സാധ്യത.

വിംബിൾഡൺ

മാറ്റില്ലെന്ന്

ഫ്രഞ്ച് ഒാപ്പൺ മാറ്റിവച്ച പശ്ചാത്തലത്തിലും ജൂൺ-ജൂലായ് മാസങ്ങളിൽ നടക്കേണ്ട വിംബിൾഡൺ ടെന്നിസ് ടൂർണമെന്റ് മാറ്റുന്നതിനെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് സംഘാടക സമിതി. ജൂൺ 29 മുതൽ ജൂലായ് 12 വരെ ടൂർണമെന്റ് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കളിക്കാരുടെയും കാണികളുടെയും സുരക്ഷ മുൻനിറുത്തി മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് ആൾ ഇംഗ്ളണ്ട് ലാൺ ടെന്നിസ് ക്ളബ് അറിയിച്ചിട്ടുണ്ട്. അതേസമയം ബ്രിട്ടനിൽ കഴിഞ്ഞയാഴ്ച ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടന്നിരുന്നു.