തിരുവനന്തപുരം: വീടുകളിലെ വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കാനുള്ള ചകിരിച്ചോർ മിശ്രിതം വാഹനത്തിൽ നിന്ന് ഇറക്കുന്നതിനെച്ചൊല്ലി നഗരസഭാ നെട്ടയം സോണൽ ഓഫീസിന് മുന്നിൽ തർക്കം. ഇന്നലെ രാവിലെയായിരുന്നു സംഭവം. അമ്പതോളം പായ്ക്കറ്റ് ചകിരിച്ചോർ മിശ്രിതവുമായി എത്തിയ ഗുഡ്സ് ആട്ടോയാണ് നെട്ടയത്തെ യൂണിയൻ തൊഴിലാളികൾ തടഞ്ഞത്. ലോഡ് തങ്ങൾ ഇറക്കുമെന്ന് പറഞ്ഞായിരുന്നു ഇവർ തർക്കം തുടങ്ങിയത്. നഗരസഭയുടെ ജീവനക്കാർ വാഹനത്തിലുണ്ടായിരുന്നെങ്കിലും അവരെ ലോഡ് ഇറക്കാൻ അനുവദിച്ചില്ല. തുടർന്ന് വട്ടിയൂർക്കാവ് സി.ഐ എ.എസ്. ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചർച്ച നടത്തിയതിനെ തുടർന്ന് നഗരസഭയുടെ ഹെൽത്ത് വിഭാഗം കണ്ടിജന്റ് ജീവനക്കാർ തന്നെ ലോഡ് ഇറക്കുകയായിരുന്നു. അതേസമയം നഗരസഭയുടെ സ്ഥലത്ത് ലോഡ് ഇറക്കുന്നതിന് ജീവനക്കാർക്ക് മറ്റാരുടെയും അനുവാദം വേണ്ടെന്നും യൂണിയൻ തൊഴിലാളികൾക്ക് വിഷയത്തിൽ ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും നെട്ടയം സോണൽ ഓഫീസ് ഹെൽത്ത് ഇൻസ്‌പെക്ടർ മോഹനചന്ദ്രൻ പറഞ്ഞു. നഗരസഭാ അധികൃതർ പരാതി നൽകിയാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.