തിരുവനന്തപുരം: വട്ടിയൂർക്കാവ് ആട്ടോഡ്രൈവേഴ്സ് സാംസ്‌കാരിക സമിതിയുടെ തണലിൽ ദമ്പതികൾ കൈപിടിച്ചുകയറിയത് പുതുജീവിതത്തിലേക്ക്. സമിതിയുടെ 26-ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു വിവാഹച്ചടങ്ങുകൾ. നെടുമങ്ങാട് സ്വദേശി സക്കീർ ഹുസൈൻ (26), നരുവാമൂട് സ്വദേശിനി ആമിനാബീവി (22) എന്നിവരും കരമന തമലം സ്വദേശി വിഷ്ണു (24), ചാക്ക സ്വദേശിനി ഇന്ദു (22) എന്നിവരുമാണ് പുതുജീവിതത്തിലേക്കു കടന്നത്. വട്ടിയൂർക്കാവ് കടയിൽമുടുമ്പ് മാസ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സാംസ്‌കാരിക സമിതിയെക്കുറിച്ച് കേട്ടറിഞ്ഞ ഇവർ അവരെ നേരിട്ട് സമീപിക്കുകയായിരുന്നു. അവരവരുടെ മതാചാരപ്രകാരമായിരുന്നു ചടങ്ങുകൾ. മേയർ കെ.ശ്രീകുമാർ, വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ എസ്. ഹരിശങ്കർ എന്നിവർ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനും ദമ്പതികളെ ആശീർവദിക്കാനും എത്തിയിരുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ 4 വിവാഹങ്ങളാണ് സാംസ്‌കാരിക സമിതി നടത്തിയിട്ടുള്ളത്. മാതാപിതാക്കൾ നഷ്ടപ്പെട്ട, കാഴ്ചശക്തിയും കേൾവിശക്തിയും ഇല്ലാത്ത പ്രിയങ്ക എന്ന പെൺകുട്ടിക്ക് കഴിഞ്ഞവർഷം സമിതി വീടുവച്ചു നൽകുകയുണ്ടായി. കൊറോണാ ഭീതി നിലനിൽക്കുന്ന സാഹചര്യമായതിനാൽ വളരെക്കുറച്ചുപേർക്കു മാത്രം സദ്യയൊരുക്കി സാംസ്‌കാരിക സമിതി മാതൃക കാട്ടുകയുണ്ടായി. ചടങ്ങിൽ സമിതി പ്രസിഡന്റ് സന്തോഷ്‌കുമാർ,സെക്രട്ടറി മഹേഷ്,രക്ഷാധികാരി ശശിധരൻ നായർ,ട്രഷറർ അഷ്റഫ് എന്നിവരും പങ്കെടുത്തു.