കുളത്തൂർ: വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ടരപ്പവൻ മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന പ്രമാണവും മോഷ്ടിച്ചു. കുളത്തൂർ സ്റ്റേഷൻകടവ് ശാന്തിനഗർ സ്വദേശി രാധാകൃഷ്ണന്റെ ഭാര്യ രാധയുടെ മാലയാണ് കവർന്നത്. ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. വീട്ടിലെ ജനാലയുടെ കമ്പി വളച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിൽ നിന്ന് താക്കോൽ കൂട്ടം കൈക്കലാക്കിയ ശേഷം വീടിന്റെ മുൻവാതിലും ഗേറ്റും തുറന്നിട്ട ശേഷമായിരുന്നു മോഷണം നടത്തിയത്. മുറിയിലെ അലമാരയിൽ മറ്റു രേഖകൾക്കൊപ്പം സൂക്ഷിച്ചിരുന്ന രാധാകൃഷ്ണന്റെ തിരിച്ചറിയൽ രേഖകളും വീടിന്റെ പ്രമാണവും വാച്ചും മോഷ്ടിച്ച ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. രാധയുടെ നിലവിളികേട്ട് മറ്റുള്ളവർ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.