കല്ലമ്പലം: വേനൽച്ചൂട് കടുത്തതോടെ കല്ലമ്പലത്ത് തീപിടിത്തം പതിവാകുന്നു. ദേശീയപാതയിൽ നാവായിക്കുളം 28ാം മൈലിന് സമീപത്തെ നെൽപ്പാടം കത്തിനശിച്ചതാണ് ഒടുവിലത്തെ അപകടം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തീ നിയന്തണ വിധേയമാക്കിയത്. കുറച്ച് ദിവസം മുമ്പ് ഡിസന്റ്മുക്കിലും കവലയൂരിലും സമാനമായ അപകടമുണ്ടായിരുന്നു. അന്ന് ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രിച്ചത്. പുല്ലുകളും പാഴ്ച്ചെടികളും മറ്റും ഉണങ്ങിക്കരിഞ്ഞതാണ് തീ പടരാൻ കാരണം. റബർ മരങ്ങളിലേക്ക് തീ വ്യാപിക്കുന്നതിനാൽ മരങ്ങളിൽ നിന്നും പാലും കിട്ടാത്ത അവസ്ഥയാണെന്ന് റബർ കർഷകർ പറയുന്നു. എന്നാൽ പ്രദേശവാസികൾ തീ കത്തിക്കുമ്പോഴാണ് കൂടുതലും അപകടങ്ങൾ ഉണ്ടാകുന്നതെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. വേനൽക്കാലത്ത് കൃഷിയിടങ്ങളും മറ്റും കത്തുന്നതായുള്ള ഫോൺ വിളികൾ പതിവാണെന്നും ഇവർ പറഞ്ഞു. ചിലപ്പോൾ വീടുകളിലേക്കും വൈദ്യുത ലൈനിലേക്കും തീ വ്യാപിക്കാറുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ വരുമ്പോഴാണ് ഫയർഫോഴ്സിന്റെ സഹായം തേടുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ആറ്റിങ്ങൽ ഫയർസ്റ്റേഷൻ ഓഫീസർ ഗോപകുമാർ പറഞ്ഞു.
ഫോട്ടോ: പാടത്ത് തീപടർന്നപ്പോൾ നിയന്ത്രണ
വിധേയമാക്കുന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥർ