തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ താപനില കുറയുമെന്നും കേരളത്തിൽ പലയിടത്തും വേനൽ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
താപനില കുറയുന്നതിനാൽ ഉഷ്ണ തരംഗത്തിന് സാധ്യതയില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട് ജില്ലയിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. താപനില 4.5 ഡിഗ്രി കൂടുമെന്നായിരുന്നു മുന്നറിയിപ്പ്.
എന്നാൽ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 2 മുതൽ 3 ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ട്. പലിടത്തും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ട്. അസ്വസ്ഥത തോന്നിയാൽ ഉടനെ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശ്രദ്ധപുലർത്തേണ്ടവർ
നിർമ്മാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, മാദ്ധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, പൊതുമരാമത്ത് ജോലികളിലേർപ്പെടുന്നവർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികൾ, ചെത്ത് തൊഴിലാളികൾ, തെങ്ങുകയറ്റ തൊഴിലാളികൾ.
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.