ഒരാൾ ഫോണിൽ വിളിക്കുന്നു.
''കൊല്ലത്തു നിന്നാണ് വിളിക്കുന്നത്. എപ്പോൾ വന്നാൽ അങ്ങയെ ഒന്നു കാണാനാവുമെന്നറിയാനാണ് വിളിക്കുന്നത്."
''ഞാനിവിടെയുണ്ട്. നാളെ വന്നാലും കാണാം. എത്ര സമയം വേണ്ടിവരുന്ന കൂടിക്കാഴ്ചയാണ്?"
''ഒരു മണിക്കൂറെങ്കിലും."
''എന്താ വിഷയം?"
''കുറച്ചു സാധനാക്രമങ്ങൾ ശീലിക്കാനാണ്."
''ഞാനിവിടെ സാധനാക്രമങ്ങളൊന്നും പഠിപ്പിക്കുന്നില്ല. എന്തുതരം സാധനയാണുദ്ദേശിക്കുന്നത്?"
''ചില പ്രാണായാമക്രിയകൾ."
''ഞാൻ പ്രാണായാമം ചെയ്യാറില്ല. പഠിച്ചിട്ടുമില്ല."
''അങ്ങയുടെ ഗുരുവായ ഗുരു നിത്യചൈതന്യയതി പ്രാണായാമത്തെപ്പറ്റി ആധികാരികമായ ഒരു പുസ്തകം രചിച്ചിട്ടുണ്ടല്ലോ?"
''ഉണ്ട്. അദ്ദേഹം പല രംഗങ്ങളെ സംബന്ധിച്ചും ഇങ്ങനെ എഴുതിയിട്ടുണ്ട്. കൂട്ടത്തിൽ പ്രാണായാമത്തെപ്പറ്റിയും. പക്ഷേ, എന്നെ പഠിപ്പിച്ചിട്ടുള്ളതു പ്രാണായാമമല്ല, വേദാന്തമാണ്. എനിക്കറിയാവുന്നതും വേദാന്തം മാത്രമാണ്. ഞാൻ പഠിപ്പിക്കുന്നതും വേദാന്തമാണ്."
''ഗുരു അറിഞ്ഞതെല്ലാം ശിഷ്യനും അറിഞ്ഞിരിക്കേണ്ടതല്ലേ?"
''അങ്ങനെയൊന്നുമില്ല. ഗുരുവിന്റെ വ്യക്തിത്വം വേറെ; ശിഷ്യന്റെ വ്യക്തിത്വം വേറെ. ഗുരു ബഹുമുഖപ്രതിഭയായിരിക്കാം. ശിഷ്യൻ ഒരൊറ്റ രംഗത്തു മാത്രം താല്‌പര്യം വയ്ക്കുന്നയാളാകാം. മറിച്ചുമാകാം. അതുകൊണ്ട് ഗുരു ചെയ്തിട്ടുള്ളതെല്ലാം ശിഷ്യൻ ചെയ്യണമെന്നോ, ഗുരു പഠിച്ചതും പഠിപ്പിച്ചതുമെല്ലാം ശിഷ്യൻ പഠിപ്പിക്കണമെന്നോ ഇല്ല. അതുപോലെ ഗുരു പഠിപ്പിച്ചതേ ശിഷ്യൻ പഠിപ്പിക്കാവൂ എന്നോ, ഗുരു ചെയ്തിട്ടുള്ളതേ ശിഷ്യൻ
ചെയ്യാവൂ എന്നോ ഇല്ല. ഗുരുശിഷ്യബന്ധം അങ്ങനെയുള്ളതല്ല. അറിവിന്റെ മർമ്മം തൊട്ടുകാണിച്ചുതരികയും, തൊട്ടുണർത്തിത്തരികയുമേ ഗുരു ചെയ്യുകയുള്ളൂ. ആ മർമ്മം നഷ്ടപ്രായമാകാതെ നോക്കുകയേ ശിഷ്യൻ ചെയ്യുകയുള്ളൂ, ചെയ്യേണ്ടതുള്ളൂ. ആ മർമ്മത്തെ കേന്ദ്രമാക്കിക്കൊണ്ട് എങ്ങനെയെല്ലാം ആ അറിവ് വികസിതരൂപം പ്രാപിക്കുമെന്നത് ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെയും സഹജവാസനകളെയും അനുസരിച്ചിരിക്കും."
ഏതായാലും ഫോൺ വിളിച്ചയാൾ എന്നെ കാണാൻ വരേണ്ടതില്ലെന്നു തീരുമാനിച്ചു.