കൊറോണയ്ക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ എടുത്ത പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും പുതിയ രോഗികളായി ആരും എത്താത്തത് സംസ്ഥാനത്തിന് പകരുന്ന ആശ്വാസം ചെറുതല്ല. ഇതേസമയം തന്നെ വിവിധ തട്ടുകളിലായി കാൽലക്ഷത്തിലധികം പേർ നിരീക്ഷണത്തിലാണെന്ന വസ്തുത കരുതലും ഉത്തരവാദിത്വവും തെല്ലുപോലും കുറയ്ക്കാനുള്ള സാഹചര്യം ഒരുക്കുന്നുമില്ല. ലോകത്തെമ്പാടുമുള്ള മനുഷ്യരാശിക്ക് ഭീഷണിയായി മാറിക്കഴിഞ്ഞ കൊറോണ സംസ്ഥാനത്ത് ഇപ്പോൾ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്നുവെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. രോഗവ്യാപനത്തിന്റെ ഏറ്റവും അപകടകരമായ ഘട്ടവും ഇതാണത്രെ.
രോഗം സാമൂഹ്യവ്യാപന ഘട്ടത്തിലേക്ക് കടന്നാൽ നിയന്ത്രണം അതീവ ശ്രമകരമാകും. ആ സ്ഥിതിവിശേഷത്തിലേക്ക് പോകാൻ അനുവദിക്കാതെ രോഗവ്യാപനം കർക്കശമായി തടയാനുള്ള അതിതീവ്രമായ ശ്രമത്തിലാണ് സർക്കാർ. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഈ ഘട്ടത്തിൽ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമായി പ്രതിപാദിച്ചിരുന്നു. വിരമിച്ച ഡോക്ടർമാരുടെ സേവനം, സ്വകാര്യ ആശുപത്രികളെയും പങ്കാളിയാക്കൽ, എല്ലാ ജില്ലകളിലും കെയർ സെന്ററുകൾ, മാസ്കുകൾ, സാനിട്ടൈസേഷൻ ഉത്പന്നങ്ങളുടെ ക്ഷാമം പരിഹരിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തൊഴിലുറപ്പ് ദിനങ്ങൾ വർദ്ധിപ്പിക്കൽ, ക്ഷേമപെൻഷൻ വിതരണം ഉറപ്പാക്കൽ തുടങ്ങി നിരവധി നടപടികളെക്കുറിച്ച് മുഖ്യമന്ത്രി പറയുകയുണ്ടായി. രോഗപ്രതിരോധ നടപടികൾക്കൊപ്പം ഈ വക കാര്യങ്ങളിൽക്കൂടി അടിയന്തര ശ്രദ്ധ പതിയേണ്ടത് അത്യാവശ്യം തന്നെ. രോഗഭീതി സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതത്വബോധം അസംഘടിത മേഖലയെ വല്ലാതെ തളർത്തിയിട്ടുണ്ട്. തൊഴിൽരാഹിത്യമാണ് ഏറ്റവും വലിയ പ്രശ്നമായി ഉയർന്നിരിക്കുന്നത്. കാർഷിക - വ്യാവസായിക മേഖലകൾ ഒരുപോലെ കടുത്ത വെല്ലുവിളി നേരിടുകയാണ്. ബാങ്ക് വായ്പകൾക്ക് ഒരു വർഷത്തേക്ക് മോറട്ടോറിയം നൽകാൻ സംസ്ഥാന ബാങ്കേഴ്സ് സമിതി റിസർവ് ബാങ്കിന്റെ അനുമതി ചോദിച്ചിട്ടുണ്ട്. എല്ലായിനം വായ്പകളും ഇതിന്റെ പരിധിയിൽ വരുമെന്നാണു സൂചന. ബാങ്കുകളെ പിന്തുടർന്ന് സഹകരണ ബാങ്കുകളും മറ്റു പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കേണ്ടതാണ്.
മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ മറ്റൊരു പ്രധാന കാര്യം മതപരമായ ചടങ്ങുകളിലെ ആൾ സാന്നിദ്ധ്യത്തെ സംബന്ധിക്കുന്നതാണ്. രോഗത്തിന്റെ സാമൂഹ്യ വ്യാപനം ഫലപ്രദമായി തടയാൻ ഏറ്റവും അത്യാവശ്യമായ കാര്യം ഇതാണ്. സർക്കാരും മാദ്ധ്യമങ്ങളുമൊക്കെ ഏറെ ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുമ്പോഴും സംസ്ഥാനത്തു പലയിടത്തും ആരാധനാലയങ്ങളിൽ ആളുകൾക്കു കുറവൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. ശബരിമലയിലെ അഞ്ചുദിവസത്തെ മാസപൂജയ്ക്കെത്തിയത് പതിനായിരത്തോളം പേരാണ്. അതുപോലെ ക്രിസ്ത്യൻ - മുസ്ളിം ദേവാലയങ്ങളിലും പ്രാർത്ഥനയ്ക്കായി ധാരാളം പേർ എത്തുന്നുണ്ട്. ദേവാലയാധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ടെങ്കിലും പ്രത്യാഘാതങ്ങൾ മനസിലാക്കാതെയാണ് ആളുകൾ പെരുമാറുന്നത്. ഏതു മതത്തിൽപ്പെട്ട വിശ്വാസികളും കുറച്ചു ദിവസത്തേക്ക് അതീവ സംയമനം പാലിച്ച് സ്വവസതികളിൽത്തന്നെ പ്രാർത്ഥിക്കുന്നതാവും തങ്ങൾക്കും സമൂഹത്തിനും നല്ലത്. മനഃശാന്തി ലഭിക്കാൻ വീട്ടിലിരുന്നും പ്രാർത്ഥിക്കാം.
ആരാധനാലയങ്ങളിൽ ആളുകൾ കൂടുന്നത് തടയാൻ മതനേതാക്കളുടെ യോഗം വിളിച്ചുകൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഈ ആവശ്യം മുമ്പോട്ടു വച്ചിട്ടുള്ളതാണ്. സംസ്ഥാനമെമ്പാടും ഇപ്പോൾ ഉത്സവകാലമാണ്. സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് പതിനായിരങ്ങൾ തിങ്ങിക്കൂടുന്ന പല പ്രധാന ഉത്സവ ആഘോഷങ്ങളും ഈ വർഷം ഉപേക്ഷിച്ചിട്ടുണ്ട്. എന്നാലും അങ്ങിങ്ങ് പ്രാദേശിക തലത്തിലുള്ള ഉത്സവങ്ങൾക്ക് കുറവൊന്നുമില്ല. സംഘാടകർ സ്വയം തീരുമാനമെടുക്കുന്നില്ലെങ്കിൽ സർക്കാർ ഇടപെട്ട് ചടങ്ങിൽ മാത്രമൊതുക്കാൻ പ്രേരിപ്പിക്കണം. നാനാജാതി മതസ്ഥരുടെയും വിവാഹാഘോഷങ്ങൾ ഉപേക്ഷിച്ച് അനവധി പേർ ഇതിനകം മാതൃക കാണിച്ചിട്ടുണ്ട്. ഏറ്റവും കുറച്ചുപേർ മാത്രം പങ്കെടുക്കുന്നതായി മാറിക്കഴിഞ്ഞു കൊറോണക്കാലത്തെ വിവാഹങ്ങൾ. രോഗഭീതി ഒഴിഞ്ഞാലും മാതൃകയായി തുടരാവുന്നതാണ് ഈ സമ്പ്രദായം.
ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ സംഭരിക്കാൻ ആരോഗ്യവകുപ്പ് നടപടി എടുത്തതുപോലെ അവശ്യ സാധനങ്ങളുടെ ക്ഷാമം ഉണ്ടാകാതിരിക്കാൻ സിവിൽ സപ്ളൈസ് കോർപ്പറേഷനും ഉണർന്നു പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. കൊറോണക്കാലം നീണ്ടുനിൽക്കുമെന്ന ഭീതിയിൽ സാധനങ്ങൾ വാങ്ങി ശേഖരിക്കുന്ന പ്രവണത അങ്ങിങ്ങ് ദൃശ്യമാണ്. ഇത്തരം അനാവശ്യ ഭീതി ഇല്ലാതാക്കാൻ സർക്കാർ ഏജൻസികൾക്കു കഴിയണം.
സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കാനായത് സംസ്ഥാനം സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമായി ഉയർന്ന നിലവാരത്തിലെത്തിയതുകൊണ്ടു തന്നെയാണ്. ഈ നേട്ടം തുടർന്നുള്ള ദിവസങ്ങളിലും നിലനിറുത്താൻ സാധിച്ചാൽ ഈ മഹാമാരിയെയും അതിജീവിക്കാൻ നമുക്കാവും. പ്രതിരോധം സാമൂഹിക ഉത്തരവാദിത്വമായി ഓരോ ആളും ഏറ്റെടുക്കുകയും വേണം.