fire-force

കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ ഒരു ഫയർ സ്റ്റേഷൻ വേണം എന്നത് അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം,ചിറയിൻകീഴ് പഞ്ചായത്ത് നിവാസികളുടെ ചിരകാല അഭിലാഷമാണ്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമൊന്നും ഉണ്ടായില്ല. അടിക്കടി തീപിടിത്തമുണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണ് അഞ്ചുതെങ്ങ്. ഇവിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ആറ്റിങ്ങലോ വർക്കലയോ ഉള്ള ഫയർഫോഴ്സ് യൂണിറ്റിനെവേണം ആശ്രയിക്കാൻ. ഇവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോകാറാണ് പതിവ്. ഇത്തരം ദുരവസ്ഥകൾക്ക് പരഹാരമെന്നോണമാണ് കടയ്ക്കാവൂരിൽ ഫയർ സ്റ്റേഷൻ വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഫയർസ്റ്റേഷന് വേണ്ട സ്ഥലം കടയ്ക്കാവൂർ പഞ്ചായത്തിൽ അഞ്ചുതെങ്ങ് കായലിന് സമീപം സർക്കാർ വകയായി തന്നെയുണ്ട്. തൊട്ടടുത്ത് അഞ്ചുതെങ്ങു കായലും പഴഞ്ചിറ കുളവും മറ്റുമുള്ളതിനാൽ ജലത്തിനു ക്ഷാമവും ഉണ്ടകില്ല എന്നത് ഉറപ്പാണ്. ഇത്തരം സാദ്ധ്യതകൾ കണക്കിലെടുത്ത് അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.