തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാർഡുകളുടെ പുനർവിഭജനം വടക്ക്-പടിഞ്ഞാറ് നിന്ന് തുടങ്ങി ക്ലോക്ക് വൈസായി വലത്തേക്കാവണമെന്ന് ഇതുസംബന്ധിച്ച് രൂപീകരിച്ച ഡി ലിമിറ്റേഷൻ കമ്മിഷൻ നിർദ്ദേശിച്ചു.
ഇതുൾപ്പെടെ വാർഡ് പുനർവിഭജനത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി.ഒന്നാമത്തെ വാർഡ് വടക്ക്-പടിഞ്ഞാറായിരിക്കണം. രണ്ട്, മൂന്ന് തുടങ്ങി മറ്റ് വാർഡുകൾ ഒന്നാം വാർഡിന്റെ വലതുഭാഗത്തായി ചുറ്റിയും, അവസാന വാർഡിന്റെ അതിര് ഒന്നാം വാർഡിന്റെ അതിരുമായി ചേർന്നും വരണം. ജനസംഖ്യ, ഭൂമിശാസ്ത്രപരമായ കിടപ്പ് തുടങ്ങിയവ കണക്കിലെടുത്ത് ആകൃൃതിയും വലിപ്പവും നിശ്ചയിക്കും. ഏപ്രിൽ 24ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ (കളക്ടർമാർ) വാർഡ് വിഭജനത്തിന്റെ കരട് നിർദ്ദേശങ്ങൾ കമ്മിഷന് സമർപ്പിക്കണം. ഏപ്രിൽ 27ന് കരട് നിർദ്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തും. മേയ് എട്ട് വരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. പരാതികളിന്മേലുള്ള അന്വേഷണ റിപ്പോർട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മേയ് 20ന് കമ്മിഷന് സമർപ്പിക്കണം. 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയാണ് അടിസ്ഥാന മാനദണ്ഡം.
മറ്റ് മാനദണ്ഡങ്ങൾ:
തദ്ദേശസ്ഥാപനത്തിലെ ജനസംഖ്യയെ ആകെ വാർഡുകളുടെ എണ്ണം കൊണ്ട് ഹരിച്ചു കിട്ടുന്നതാണ് ഒരു
വാർഡിലെ ശരാശരി ജനസംഖ്യ
വാർഡിൽ അറിയപ്പെടുന്നതും പ്രധാനപ്പെട്ടതുമായ പ്രദേശത്തിന്റെ പേര് വാർഡിന് നൽകണം.
നദി, പുഴ, തോട്, കായൽ, മല, റോഡ്, നടപ്പാത, ചെറുവഴികൾ, റെയിൽവേ ലൈൻ, പൊതുസ്ഥാപനങ്ങൾ
തുടങ്ങി വ്യക്തമായി തിരിച്ചറിയാവുന്നവ അതിരുകളായി കണക്കാക്കാം.
അതിരുകൾ നിശ്ചയിക്കുന്നതിലെ വ്യത്യാസം ശരാശരി ജനസംഖ്യയുടെ 10 ശതമാനത്തിൽ കവിയരുത്.
സമ്മതിദായകരുടെ യാത്രയ്ക്കും, വാർത്താവിനിമയത്തിനും, പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുമുള്ള
സൗകര്യം കണക്കിലെടുക്കണം.
കരട് റിപ്പോർട്ടിൽ എല്ലാ കെട്ടിടങ്ങളുടെയും നമ്പരും. വാർഡുകളുടെ അതിരും ,ഭൂപടവും വ്യക്തമായി
രേഖപ്പെടുത്തണം.
.
-