നെയ്യാറ്റിൻകര: കൊറോണ ജാഗ്രതയ്ക്കിടെ ദേവസ്വം ബോർഡ് നെയ്യാറ്റിൻകര അസിസ്റ്റന്റ് കമ്മിഷണർ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര നടപ്പന്തലിലെ കടകൾ നടത്താനുള്ള ലേലത്തിന്റെ നോട്ടീസ് പതിപ്പിച്ചത് വിവാദമായി. തുടർന്ന് ലേലം റദ്ദാക്കി പുതിയ നോട്ടീസ് പതിപ്പിച്ചു. നടപ്പന്തലിൽ പൂജാ സാധനങ്ങൾ ഉൾപ്പെടെയുള്ളവ വിൽപ്പന നടത്തുന്നതിനായി താത്കാലിക കടകൾ നടത്താനാണ് അസിസ്റ്റന്റ് കമ്മിഷണർ ഒപ്പിട്ട ലേലം നോട്ടീസ് പതിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് ലേലം നിശ്ചയിച്ചത്. ലേലത്തിനായി ഒരുപാട് പേർ എത്തിച്ചേരുമെന്നത് കൊറോണ നിയന്ത്രണത്തിനായുള്ള സർക്കാർ നിർദ്ദേശത്തിനെതിരാണ്. ലേലം നടത്തുന്ന വിവരം യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി ജില്ലാ കളക്ടറെ അറിയിച്ചതിനു പിന്നാലെയാണ് ലേലം മാറ്റി വച്ചതായി അസിസ്റ്റന്റ് കമ്മിഷണർ ഒപ്പിട്ട നോട്ടീസ് പതിപ്പിച്ചത്.