ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് 121 രാഷ്ട്രങ്ങളിൽ വ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊറോണ മൂലം ലോകത്ത് 5000 പേർ മരണപ്പെട്ടു കഴിഞ്ഞു. ലോകവ്യാപകമായി 1, 22, 289 പേരിൽ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനമാണ് കേരളം. അന്ന് നമ്മുടെ ആരോഗ്യ സംവിധാനം ഉണർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി ചികിത്സയിലായിരുന്ന എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കു വേണ്ടി സർക്കാറും ആരോഗ്യവകുപ്പും സ്വീകരിക്കുന്ന കരുതൽ നടപടികളോട് പൂർണമായും സഹകരിക്കാൻ എല്ലാവരും മനസുവെച്ചാൽ നിപ്പാ വൈറസിനെ നാം അതിജയിച്ച പോലെ കൊറോണ വൈറസിനെയും നമുക്ക് അതിജീവിക്കാൻ കഴിയും. രോഗവ്യാപനം തടയാൻ സർക്കാരും ആരോഗ്യവകുപ്പും കാണിക്കുന്ന ജാഗ്രതയും മുൻകരുതലുകളും അഭിനന്ദനാർഹവും മാതൃകാപരവുമാണ്.
പാറൽ അബ്ദുസ്സലാം സഖാഫി,
തൂത -പി ഒ, മലപ്പുറം
റോഡുകളിലെ കുഴിക്കൽ മത്സരം
തലസ്ഥാനത്ത് ഉൾപ്പെടെ നിരവധി റോഡുകൾ പൈപ്പ് ലൈനുകൾ ഉൾപ്പടെ വിവിധ പണികൾക്കായി കുഴിച്ച് മറിച്ചിട്ടിരിക്കുകയാണ്. മാസങ്ങൾക്ക് മുൻപേ തുടങ്ങിയ കുഴിക്കൽ യജ്ഞം ചിലയിടത്ത് ഇടയ്ക്ക് നിറുത്തി വച്ചിരിക്കുകയാണ്. എന്നാൽ കുഴിയടയ്ക്കലും ടാറിംഗും നടന്നിട്ടില്ല. തകർന്ന് തരിപ്പണമായ ഈ റോഡുകളിലൂടെ വേണം വാഹനയാത്ര.
റോഡിന് സമീപത്ത് താമസിക്കുന്നവരുടെ സ്ഥിതിയും ദയനീയമാണ്. ഓരോ വാഹനം കടന്നു പോകുമ്പോഴും പൊടി മാനംമുട്ടെ ഉയരുകയാണ്. വേനൽക്കാലമായതു കൊണ്ട് വലിയ കുളങ്ങൾ രൂപപ്പെടുന്നില്ലെന്ന് മാത്രം. കാലാവസ്ഥ തലകീഴായി മറിഞ്ഞിരിക്കുന്ന സ്ഥിതിക്ക് എപ്പോൾ മഴപെയ്യുമെന്ന കാര്യവും പ്രവചനാതീതമാണ്.
റോഡുകൾ വേഗത്തിൽ സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ യാത്ര മുടങ്ങുമെന്ന സ്ഥിതിയാണ്. കൃത്യമായ പ്ളാനിംഗും വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും നിർമ്മാണ- അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഒരിക്കൽ കുഴിച്ചാൽ ഞങ്ങൾക്ക് തോന്നുമ്പോഴേ അടയ്ക്കൂ എന്ന രീതി മാറണം. സഞ്ചാരയോഗ്യമായ റോഡുകൾ ജനങ്ങളുടെ അവകാശമാണെന്ന കാര്യം മന:പൂർവം വിസ്മരിക്കരുത്. ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ അവസരമുണ്ടാക്കരുത്.
പി.കെ. രവീന്ദ്രൻ, ശാസ്തമംഗലം
മുഷിഞ്ഞ നോട്ടുകളും
രോഗാണുവാഹികളാകാം
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മറ്ര് വിഷയങ്ങളിലെന്ന പോലെ കറൻസി നോട്ടുകളുടെ കാര്യത്തിലും മുൻകരുതലുകൾ കൈക്കൊള്ളണം. കാരണം കറൻസികളും നാണയങ്ങളും വഴി രോഗാണു പടരാനുള്ള സാഹചര്യം വളരെക്കൂടുതലാണ്. നിത്യേനയുള്ള പല രംഗങ്ങളിലായ കറൻസി നോട്ടുകൾ പല കൈ മറിഞ്ഞാണ് ഓരോരുത്തരുടെയും കൈകളിലെത്തുന്നത്. സാഹചര്യത്തിൽ അധികം മുഷിഞ്ഞ നോട്ടുകൾ പിൻവലിച്ച് പുതിയവ ഇറക്കുന്നതിൽ റിസർവ് ബാങ്ക് ജാഗ്രത കാട്ടണം.
സി.എസ്. വർഗീസ്,
കോട്ടുകുളഞ്ഞി, കൊച്ചി.
ഇൗ അമ്മമാരോട്
കരുണ കാണിക്കൂ
കേരളത്തിലെ അമ്മമാർ കൂടുതലും ജോലിക്ക് പോകുന്നവരാണ്. കുട്ടികൾക്ക് അവധിയായതുകൊണ്ട് ഇവർ ചെകുത്താനും കടലിനും നടുവിലാണ്. ചെകുത്താന്മാരെ ഭയന്ന് കുട്ടികളെ വീട്ടിൽ ഒറ്റയ്ക്കു നിറുത്തിയിട്ടു പോകാൻ വയ്യ. ജോലി സ്ഥലത്തേക്കു കൊണ്ടുപോകാമെന്നു വച്ചാൽ കൊറോണ വൈറസ്. അമ്മമാർക്ക് അവധി കിട്ടില്ല, മക്കൾക്ക് വേണ്ടി അവധിയെടുക്കാമെന്ന് വിചാരിച്ചാലോ, ദാരിദ്ര്യം അനുവദിക്കുകയുമില്ല. ഈ അടിയന്തര സാഹചര്യം പരിഗണിച്ച് കേരളത്തിലെ ഉദ്യോഗസ്ഥകളായ അമ്മമാർക്ക് വേണ്ടി ഇടപെടണമെന്ന് മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും അപേക്ഷിക്കുന്നു.
സ്നേഹലത, കൊല്ലം