നാടിനെ ഒന്നടങ്കം ഭീതിയിലാഴ് ത്തിയ കൊറോണ വൈറസ് പടരുകയാണ്. സംശയത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായി കഴിഞ്ഞാൽ പിന്നെ ഓരോരുത്തരുടെയും ആശങ്കയോടെയുള്ള ചോദ്യമാണ് ഫലം പോസിറ്റീവാണായെന്ന്.എങ്ങനെയാണ് ഒരാൾ കൊറോണ വൈറസ് ബാധിതനാണോയെന്ന് സ്ഥിരീകരിക്കുന്നത്?
ന്യൂതനമായ ആ പരിശോധന സംവിധാനം എന്താണ് ?
സംസ്ഥാനത്തെ ഏഴ് ലാബുകളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വൈറോളജി ലാബ്, കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടി, തൃശൂർ മെഡിക്കൽകോളേജ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെൽത്ത് ലാബ്, രാജീവ് ഗാന്ധി സെന്റർഫോർ ബയോടെക്‌നോളജി എന്നിവടങ്ങളിൽ പരിശോധന നടക്കുന്നത് ഒരേ രീതിയിലാണ് .
സാമ്പിളുകൾ എടുക്കുന്നതെങ്ങനെ?
രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ മാത്രമാണ് പരിശോധനയ്ക്കായി എടുക്കുന്നത്. വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വ്യക്തികളുടെ മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങൾ സെറ്ററൽ സ്വാബ് ഉപയോഗിച്ച് വൈറൽ ട്രാൻസ്‌പോർട്ട് മീഡയത്തിലാണ് (വി.ടി.എം.) ശേഖരിക്കുന്നത്. ഇതിനെ ട്രിപ്പിൾ ലെയർ പാക്കിംഗ് ചെയ്ത് സുരക്ഷിതമാക്കുന്നു. അതിൽ രോഗിയുടെ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഐ.ഡി. നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തുന്നു. ഇതിനോടൊപ്പം രോഗവിവരവും യാത്രാ വിവരവും രേഖപ്പെടുത്തിയ റിക്വസ്റ്റ്‌ഫോമും അയയ്ക്കുന്ന വ്യക്തികളുടെ പൂർണമേൽവിലാസവും ഫോൺനമ്പരും നൽകണം.
ലാബിലേക്ക് അയക്കുന്നത് എങ്ങനെ?
തൊട്ടടുത്ത് പരിശോധനാ സംവിധാനമുള്ള ലാബിലാണ് അയക്കുന്നതെങ്കിൽ ട്രിപ്പിൾ ലയർ പാക്കിംഗാണ് ഉപയോഗിക്കുന്നത്. പൂനെ വൈറോളജി ലാബിലോ മറ്റോയുള്ള വിദൂര സ്ഥലത്താണ് അയക്കുന്നതെങ്കിൽ ഡ്രൈ ഐസ് പാക്ക് സൗകര്യമുള്ള തെർമ്മോകോൾ ബോക്സിലേക്ക് മാറ്റും. രണ്ട് ദിവസം വരെ ഈ സാമ്പിളുകൾ ഉപയോഗിക്കാനാകും. വൈറോളജി ലാബിലെത്തിയാൽ ഈ സാമ്പിളുകൾ ഫ്രീസറിലേക്ക് മാറ്റും. കൂടുതൽ ദിവസത്തേക്കാണ് സൂക്ഷിക്കുന്നതെങ്കിൽ 80 ഡിഗ്രിയിലുള്ള ഡീപ്പ് ഫ്രീസറിലേക്ക് മാറ്റും.
വൈറസ് ബാധ എങ്ങനെ സ്ഥിരീകരിക്കും?
രണ്ട് തരം പരിശോധനകളിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇജീൻ പരിശോധനകൾക്കായുള്ള റിയൽടൈം റിവേഴ്സ് ട്രാൻസ്‌ക്രിപ്‌റ്റേഴ്സ് പി.സി.ആർ. എന്ന മോളിക്കുളാർ പരിശോധനയാണ് ആദ്യം നടത്തുന്നത്. എൻ.ഐ.വി. പൂനെ യിൽ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി മീഡിയത്തിലെത്തുന്ന സാമ്പിളുകളിൽ നിന്ന് ആർ.എൻ.എ.യെ വേർതിരിക്കുന്നു. ഇതിന് മൂന്നു മുതൽ നാല് മണിക്കൂർ വരെ വേണം. ഇതിനെ റിയൽ ടൈം പി.സി.ആർ. മെഷീനിൽ വയ്ക്കുന്നു. ഈ മെഷീനിലൂടെ രണ്ട് മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കും. കൊറോണ ഇല്ലെങ്കിൽ ഈ പരിശോധനയിൽ തന്നെ അറിയാനാകും.
സങ്കീർണമായ ഇത്തരത്തിലുള്ള 40 ഓളം ഒന്നാംഘട്ട പരിശോധനകളാണ് ഒരു ലാബിൽ 24 മണിക്കൂറിനുള്ളിൽ ചെയ്യാൻ കഴിയുക.
വൈറസ് ബാധ സ്ഥിരീകരിക്കുന്ന പരിശോധനയാണ് രണ്ടാമത്തേത്. ഇജീൻ ഉണ്ടെന്ന് കണ്ടെത്തിയാൽ പിന്നെ രോഗം സ്ഥിരീകരിക്കാൻ ഒരു പരിശോധന കൂടി നടത്തണം. ആർ.ഡി.ആർ.പി., ഒ.ആർ.എഫ്. 1 ബി. ജീനുകൾ കണ്ടെത്താനുള്ള പരിശോധനയാണിത്. ഇതിനായി വേർതിരിച്ച ആർ.എൻ.എ.യെ റിയൽ ടൈം പി.സി.ആർ. മെഷീനിൽ വയ്ക്കുന്നു. മൂന്നു മണിക്കൂറിനുള്ളിൽ ഈ ഫലവും ലഭിക്കുന്നു. ആർ.ഡി.ആർ.പി, ഒ.ആർ.എഫ്. 1 ബി. ജീനുകൾ കണ്ടെത്തിയാൽ കൊറോണ വൈറസുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഈ ഫലം ഔദ്യോഗികമായി ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു.
ആലപ്പുഴ,കോഴിക്കോട് , തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ രണ്ടാംഘട്ട പരിശോധന നടത്താനുള്ള സംവിധാനങ്ങളുണ്ട്. എൻ.ഐ.വി. പൂനെ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും നിലനിറുത്തുന്ന തരത്തിലുള്ള സംവിധാനമാണ് എല്ലാ സെന്ററുകളിലും സജ്ജമാക്കിയിരിക്കുന്നത്.
അധികം വരുന്ന സാമ്പിളുകളിൽ നിന്ന് രോഗപകർച്ച ഉണ്ടാകാതിരിക്കാൻ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് നശിപ്പിച്ച് കളയുന്നു.
രോഗിയെ ഡിസ്ചാർജ് ചെയ്യുന്നത് എപ്പോൾ ?
രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാൽ 48 മണിക്കൂറിന് ശേഷം രോഗിയുടെ സാമ്പിൾ വീണ്ടും പരിശോധിക്കുന്നു. അങ്ങനെ രണ്ട് പ്രാവശ്യം പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ രോഗിയെ ഡിസ്ചാർജ് ചെയ്യുകയുള്ളൂ.
ഒരുകോടിയോളം ചെലവഴിച്ചാണ് ഓരോ വൈറോളജി ലാബും സജ്ജമാക്കിയിരിക്കുന്നത്. 2500 ഓളം സാമ്പിൾ പരിശോധനകളാണ് കേരളത്തിലെ വൈറോളജി ലാബുകളിൽ ഇതിനോടകം നടത്തിയത്. ആദ്യത്തെ മൂന്ന് പോസിറ്റീവ് കേസുകളൊഴികെ 24പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചത് ഇവിടെ തന്നെയാണ്. ചില ടെസ്റ്റുകൾ വീണ്ടും സ്ഥിരീകരിക്കാനായി എൻ.ഐ.വി. പൂനെയിലേക്ക് അയച്ചിരുന്നു. 3,000 രൂപ ചെലവ് വരുന്ന പരിശോധന തികച്ചും സൗജന്യമാണ്.