തിരുവനന്തപുരം : കള്ളുഷാപ്പ് ലേലത്തിൽ നെയ്യാറ്റിൻകര ഒന്നാം റേഞ്ചിലെ ഒരു ഗ്രൂപ്പിൽപ്പെട്ട നാല് കള്ളുഷാപ്പുകൾകൂടി ഇന്നലെ ലൈസൻസായി. പ്രവീൺകുമാർ എന്നയാളാണ് നെയ്യാറ്റിൻകര ഗ്രൂപ്പ് ലേലത്തിനെടുത്തത് . നെയ്യാറ്റിൻകര , പൊഴിക്കര, അയണിമൂട് , പ്രാവച്ചമ്പലം ഷാപ്പുകളാണ് ലേലത്തിൽ പോയത്. സർക്കാർ നിശ്ചയിച്ച വാർഷിക വാടകയായ 4,82,400 രൂപയുടെ 50 ശതമാനം കുറച്ച് 2, 41,200 രൂപയ്ക്കാണ് ഷാപ്പുകൾ ലേലത്തിൽ പോയത്.
കഴിഞ്ഞദിവസം തിരുവനന്തപുരം റേഞ്ചിലെ ഒന്നാം ഗ്രൂപ്പിൽപ്പെട്ട ആറു ഷാപ്പുകൾ ലേലത്തിൽ പോയിരുന്നു. ആവാടുതുറ , പൂങ്കുളം, കരുമം , നേമം, പ്ലാമൂട്, വേളി എന്നീ ഷാപ്പുകൾ സുരേഷ് കുമാർ എന്നയാൾ ലേലത്തിനെടുത്തിരുന്നു. ആകെ രണ്ടു ഗ്രൂപ്പുകളാണ് ഇതുവരെ ലേലത്തിൽപോയത്. ആകെ 12 റേഞ്ചിൽ 21 ഗ്രൂപ്പുകളിലായി 112 ഷാപ്പുകളാണ് ലേലത്തിൽ വച്ചിരുന്നത്. ലേലത്തിൽപോകാതെ ശേഷിക്കുന്നവ തൊഴിലാളി കമ്മിറ്റികൾക്ക് നൽകാനാണ് തീരുമാനമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ.ഗോപകുമാർ പറഞ്ഞു.
ഇന്നലെ ലേല നടപടികൾ ആരംഭിക്കുന്നതിന് മുൻപ് ഹാളിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നെങ്കിലും പൊലീസ് ഇവരെ നീക്കി.