തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 ആയി സർക്കാർ വിജ്ഞാപനം ഇറങ്ങിയെങ്കിലും കടകളിൽ കൂടിയ വില ഈടാക്കുകയാണ്. ഇപ്പോഴും 20 മുതൽ 25രൂപവരെയാണ് ഒരു ലിറ്ററിന്റെ വില. വെളളക്കമ്പനികൾ പുതിയ വില രേഖപ്പെടുത്തിയ കുപ്പിവെള്ളം വില്പനയ്ക്ക് എത്തിച്ചിട്ടില്ല. പഴയ വിലയ്ക്കാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു. അമിത വില ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നി‌ർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ, ശക്തമായ പരിശോധന തുടങ്ങിയിട്ടില്ല.ബി.ഐ.എസ് ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ വിൽക്കാൻ അനുമതിയുള്ളൂ. സംസ്ഥാനത്ത് 220 പ്ലാന്റുകൾ ബി.ഐ.എസ് അനുമതിയോടെ പ്രവർത്തിക്കുന്നുണ്ട്. പല ക‌ച്ചവടക്കാരുടെ പക്കലും പഴയ വില മുദ്രണം ചെയ്ത കുപ്പിവെളളം വൻതോതിലുണ്ട്. അവ എന്തുചെയ്യണമെന്ന നിർദേശം ലഭിച്ചിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു.

പഴയ സ്റ്റോക്ക് വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ് അവർ.

ഈ മാസം17നാണ് കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയാക്കി വിജ്ഞാപനം ഇറങ്ങിയത്. 1986ലെ അവശ്യസാധന വിലനിയന്ത്രണ നിയമപ്രകാരമാണ് വില കുറച്ചത്. 2019 ജൂലായ് മാസം 19ന് കുപ്പിവെള്ളം അവശ്യവസ്തുവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

കുപ്പിവെളള നിർമ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചർച്ച ചെയ്തതിനുശേഷമാണ് വില കുറയ്ക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പുതിയ വില: 13 രൂപ

മുൻവില: 20 -25

നിർമ്മാണ ചെലവ് : 6 രൂപ

കമ്പനികൾ ഈടാക്കുന്ന വില: 8

കച്ചവടക്കാർ ഈടാക്കുന്ന വില: 20

കച്ചവടക്കാരുടെ ലാഭം: 12

# ബി. ഐ. എസ് അനുമതിയുള്ള കുപ്പിവെള്ള പ്ളാന്റുകൾ : 220

ഇന്നുമുതൽ ക‌ർശന പരിശോധന

ചില വ്യാപാരികൾ ഇപ്പോഴും 20 രൂപ ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.വില കുറച്ചില്ലെങ്കിൽ വ്യാപാരികൾക്കെതിരെ കർശന നടപടിയെടുക്കും.

ലീഗൽ മെട്രോളജി വകുപ്പ്