corona
CORONA

തിരുവനന്തപുരം: സംസ്ഥാനത്ത് 26,​000ത്തോളം പേർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും അവർക്കാവശ്യമായ സൗകര്യങ്ങളുറപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലുകൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊറോണ വ്യാപന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി തദ്ദേശ ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രി എ.സി. മൊയ്തീനും സന്നിഹിതനായി.

നാട് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ മറ്റെല്ലാ പ്രവർത്തനങ്ങളും മാറ്റിവയ്ക്കണം. കാലേക്കൂട്ടി കല്യാണ മണ്ഡപങ്ങളും ഹാളുകളും ബുക്ക് ചെയ്യുന്ന സ്ഥിതിക്ക് ചടങ്ങ് മാറ്റിയാൽ അഡ്വാൻസ് തുക തിരിച്ചു ലഭിക്കുമെന്ന് തദ്ദേശഭരണസ്ഥാപനം ഉറപ്പാക്കണം. ഓരോ നിമിഷവും ജാഗ്രത പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ പിടിവിട്ടു പോകും. എന്നാൽ, ഭീതിയോ സംഭ്രാന്തിയോ ഉണ്ടാകേണ്ട സാഹചര്യമില്ല. വൈറസിന്റെ സാമൂഹ്യവ്യാപനം തടയാനായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രായോഗികമാകുന്നു എന്ന് ഉറപ്പുവരുത്താൻ ജനകീയമായ പരിശോധനാ സംവിധാനമുണ്ടാകണം. ഭക്ഷ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ് തടയാനും മരുന്ന്, പ്രതിരോധസാമഗ്രികൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാനും തുടർച്ചയായ ഇടപെടലുണ്ടാവണം.

അന്യദേശ തൊഴിലാളികൾ കവലകളിൽ കൂട്ടംകൂടുന്നത് രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കാനിടയുള്ളതിനാൽ അവരെ ബോധവത്കരിക്കണം. വയോജനങ്ങളുടെ സംരക്ഷണത്തിന് പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവരെ പങ്കാളികളാക്കണം. തീരദേശവാസികൾ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അദ്ധ്വാനിക്കുന്നവർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്കിടയിൽ അവബോധം സൃഷ്ടിക്കണം. ടാക്സി, ആട്ടോ ഡ്രൈവർമാർ, പാൽ, പത്ര വിതരണക്കാർ എന്നിങ്ങനെ കൂടുതൽ പൊതുജന സമ്പർക്കത്തിലേർപ്പെടുന്നവരിലും ബോധവത്കരണം നടത്തണം.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

ഓഫീസുകൾ, പൊതുസ്ഥലങ്ങൾ, ബസ്‌സ്റ്റാൻഡ്, മാർക്കറ്റ് മുതലായ സ്ഥലങ്ങളിലെ ശുചീകരണം ഉറപ്പാക്കണം. ഉപയോഗിച്ച മാസ്‌കുകൾ ഇടാൻ കളക്ഷൻ സെന്റർ സ്ഥാപിക്കണം.

വിദേശത്തു നിന്നു വരുന്നവരെ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണം.

വിദേശ ടൂറിസ്റ്റുകളോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ ഉണ്ടാകരുത്.

ഹെൽത്ത് കമ്മിറ്റികൾ, ആരോഗ്യ ജാഗ്രതാ സമിതികൾ, എമർജൻസി റെസ്‌പോൺസ് ടീമുകൾ തുടങ്ങിയവയുടെ പ്രവർത്തനം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ഇടപെടലിലേക്ക് തിരിച്ചുവിടണം.

കിടപ്പു രോഗികളടക്കമുള്ള വയോജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കണം.അതിന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആശാവർക്കർ, അങ്കണവാടി വർക്കർ, ജെ.പി.എച്ച്.എൻ, ജെ.എച്ച്‌.ഐ, ആരോഗ്യസേനാ പ്രവർത്തകർ, സ്ഥലത്ത് താമസമുള്ള സർക്കാർ ഉദ്യോഗസ്ഥർ എന്നിങ്ങനെ 15 പേരടങ്ങുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പ് രൂപീകരിക്കണം.

ആശുപത്രികളിലെ ഐ.സി.യുവിന്റെ വിശദാംശം, കിടക്കകളുടെ എണ്ണം, വെന്റിലേറ്റർ സൗകര്യം എന്നിവ സംബന്ധിച്ച പൂർണ വിവരം ശേഖരിക്കണം. നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കാനായി സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള കോളേജുകളും സ്കൂളുകളുമടക്കമുള്ള സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കണം. ലോഡ്ജുകൾ, പ്രവർത്തിക്കാത്ത ആശുപത്രികൾ, താമസമില്ലാത്ത വീടുകൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം അവശ്യ ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തണം.

പ്രതിരോധ പ്രവർത്തനങ്ങളുടെ ദൈനംദിന മോണിറ്ററിംഗ് ചുമതല സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ ഏറ്റെടുക്കണം. പരിസര ശുചീകരണത്തിന്റെയും വീടുകളിലെ നിരീക്ഷണത്തിന്റെയും വാർഡ്തല ചുമതല മെമ്പർമാർക്കാണ്. അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിൽ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ തദ്ദേശസ്ഥാപന സെക്രട്ടറിമാർ കണ്ടറിഞ്ഞ് ചെയ്യണം.