തിരുവനന്തപുരം : തലസ്ഥാനത്ത് കൊറോണയെ ചെറുക്കാൻ ശക്തമായ പ്രതിരോധം തീർക്കാൻ ഒറ്റക്കെട്ടായി പോരാടുമെന്ന് നഗരസഭയിലെ ഭരണ, പ്രതിപക്ഷ കൗൺസിലർമാർ. ഇന്നലെ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് അംഗങ്ങൾ കക്ഷി രാഷ്ട്രീയത്തിനപ്പുറം കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ ഒരുമിച്ച് നിൽക്കുമെന്ന് പ്രഖ്യാപിച്ചത്.
നഗരസഭയുടെ നൂറു വാർഡിലും 20 പേരടങ്ങുന്ന വോളന്റിയർ ടീം രൂപീകരിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഓരോ വാർഡിലെയും അംഗങ്ങളുടെ ലിസ്റ്റ് ഇന്ന് നഗരസഭയിൽ എത്തിക്കണമെന്നാണ് മേയർ കെ.ശ്രീകുമാർ കൗൺസിലർമാരെ അറിയിച്ചത്. വാർഡുകളിലെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും പോരായ്മ സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം കൗൺസിലർമാർക്കായിരിക്കുമെന്നും മേയർ അറിയിച്ചു. ഇതിന്റെ ചെലവ് നഗരസഭ വഹിക്കുമെന്നും മേയർ വ്യക്തമാക്കി.
വൈറസിനെ തുരത്തുന്നതുവരെയും കൂട്ടായപ്രവർത്തനം വേണമെന്ന് യു.ഡി.എഫ് കൗൺസിൽ ലീഡർ ഡി.അനിൽകുമാർ പറഞ്ഞു. നഗരസഭയുടെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കുറച്ചുകൂടി വ്യാപിപ്പിക്കണമെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ എം.ആർ.ഗോപനും പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് കാതോർത്ത്
കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി നടത്തിയ ലൈവ് വീഡിയോ കോൺഫറൻസ് കാണാൻ നഗരസഭ കൗൺസിൽ ഹാളിൽ സൗകര്യമൊരുക്കിയിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ കൗൺസിലർമാരെല്ലാം ഒരുമിച്ചിരുന്നാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാക്കുകൾ കേട്ടത്. നഗരസഭ സ്വീകരിച്ച നടപടികൾ മാതൃകാപരമാണെന്നും ആശങ്കയല്ല, കരുതലാണ് വേണ്ടതെന്ന് വീഡിയോ കോൺഫറൻസ് അവസാനിച്ച ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.