മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ. അൻസാറിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. വിദേശത്ത് നിന്ന് എത്തുന്നവരെ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കാനും നടപടിയെടുത്തു. പഞ്ചായത്തിലെ എല്ലാ വീടുകളിലും ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. ഉത്സവം, വിവാഹം, മരണം, മറ്റ് ആരാധനാ ചടങ്ങുകൾ തുടങ്ങിയവയുടെ ജനപങ്കാളിത്തം പരിമിതപ്പെടുത്താനും അതിനുള്ള നിർദ്ദേശങ്ങൾ നൽകാനും യോഗം തീരുമാനിച്ചു. എല്ലാ ദിവസവും പ്രതിരോധ പ്രവർത്തനത്തിന്റെ റിപ്പോർട്ട് തയ്യാറാക്കി ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കാനും പദ്ധതി തയ്യാറാക്കി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജി. ഗോപകുമാർ, ശ്രീലത, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി. മിനി, ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. മിനി.എ.കെ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം ജി. വേണുഗോപാലൻ നായർ, കോൺഗ്രസ് നേതാവ് ജെ. ശശി, ബി.ജെ.പി നേതാവ് എം. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ കൈ കഴുകുന്നതിനായി രണ്ടു വാഷിംഗ് പോയിന്റുകൾ സജ്ജീകരിച്ചിരുന്നു. ഇതിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.