തിരുവനന്തപുരം: സഹകരണ വകുപ്പ് നടപ്പാക്കിവരുന്ന നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതിയുടെ സമയപരിധി കൊറോണ വ്യാപനം സങ്കീർണമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
പദ്ധതിയുടെ സമയപരിധി ഈ മാസം 31ന് അവസാനിക്കുകയാണ്. സംസ്ഥാന സഹകരണ ബാങ്കിന്റെ ജപ്തിഭീഷണിയെ തുടർന്ന് പൂവച്ചൽ സ്വദേശി സുകുമാരൻ ആത്മഹത്യചെയ്ത സംഭവം അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. വാണിജ്യ ബാങ്കുകളിൽ മോറട്ടോറിയം നടപ്പാക്കുന്നതിന് സമ്മർദ്ദം ചെലുത്തുന്ന സർക്കാരിന് തങ്ങളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിൽ എന്തു കൊണ്ടാണത് നടപ്പാക്കാൻ കഴിയാത്തത്? സുകുമാരൻ നായരുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.