വിതുര: തൊളിക്കോട്, വിതുര, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചെറ്റച്ചൽ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. ഇതിനായി നാലര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സൗജന്യ വൈഫൈ, എഫ്.എം റേഡിയോ, മൊബൈൽ - ലാപ്ടോപ് ചാർജർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള കാത്തിരിപ്പ് കേന്ദ്രമാണ് നിർമ്മിക്കുന്നത്. ചെറ്റച്ചൽ ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളടക്കം നിത്യേന നൂറുകണക്കിന് പേർ വന്നുപോകുന്ന ജംഗ്ഷനിൽ കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറ്റച്ചൽ ഇ.എം.എസ് സാംസ്കാരിക സമിതിയും ജില്ലാപഞ്ചായത്തിൽ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി നിവേദനം നൽകിയിരുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് വി.കെ.മധു അറിയിച്ചു. ചെറ്റച്ചൽ കേന്ദ്രമാക്കി വെയിറ്റിംഗ് ഷെഡ് അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന് സി.പി.എം ചെറ്റച്ചൽ ബ്രാഞ്ച് കമ്മിറ്റി നന്ദി അറിയിച്ചു.