തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ഓഫീസുകളിലെ ഗ്രൂപ്പ് ബി, സി വിഭാഗത്തിൽപെട്ട ജീവനക്കാർ തിങ്കളാഴ്ച മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യും.
ഒരേസമയം 50 ശതമാനം ജീവനക്കാർ എന്ന ക്രമത്തിൽ ഒന്നിടവിട്ട ആഴ്ചകളിൽ ഓഫീസിൽ ഡ്യൂട്ടിക്കെത്തണം.
ഓഫീസിലെ ഡ്യൂട്ടി സമയത്തിലും ക്രമീകരണം ഏർപ്പെടുത്തി. ഒരു വിഭാഗം രാവിലെ 9 മുതൽ വൈകിട്ട് 5.30വരെയും അടുത്ത വിഭാഗം രാവിലെ 9.30 മുതൽ വൈകിട്ട് 6 മണിവരെയും മൂന്നാമത്തെ വിഭാഗം രാവിലെ 10 മണി മുതൽ 6.30വരെയും ജോലി ചെയ്യണം.
സ്വന്തം വാഹനത്തിൽ വരുന്നവരും ഓഫീസിനോട് താരതമ്യേന അടുത്ത് താമസിക്കുന്നവരും ആദ്യ റോസ്റ്ററിൽ ജോലിക്ക് നേരിട്ട് എത്തണം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ടെലിഫോണിലും ഓൺലൈനിലും ലഭ്യമാവണം. അധികൃതർ ആവശ്യപ്പെടുന്ന ഏത് സമയത്തും ഓഫീസിൽ ഹാജരാകാനും ബാദ്ധ്യസ്ഥരാണ്.
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള മറ്ര് ഓഫീസുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമായിരിക്കും. അവശ്യസർവീസുകൾക്ക് ബാധകമാവില്ല.
കേന്ദ്ര സർക്കാർ ഉത്തരവ് ലഭിച്ചു. ജീവനക്കാരെ മൂന്നു ഗ്രൂപ്പുകളാക്കുകയും പ്രവൃത്തി വിഭജിച്ചു നൽകുകയും ചെയ്യുന്ന ജോലികൾ നാളെ നടക്കും. തിങ്കളാഴ്ച മുതൽ വർക്ക് അറ്റ് ഹോം ആരംഭിക്കും.
-സുനിൽരാജ്,
അക്കൗണ്ടന്റ് ജനറൽ, തിരുവനന്തപുരം