entrance-exam

എൻട്രൻസ് പരീക്ഷ ഓൺലൈനാക്കാനുള്ള നീക്കം ഉപേക്ഷിച്ച

തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പരീക്ഷ മാറ്റാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീലിന്റെ ഓഫീസ് അറിയിച്ചു. സാഹചര്യങ്ങൾ നിരീക്ഷിച്ച് 31ന് ശേഷം തീരുമാനമെടുക്കും. ഏപ്രിൽ 20, 21 തീയതികളിലാണ് എൻട്രൻസ്. മറ്റ് സംസ്ഥാനങ്ങളിലെ എൻട്രൻസ് പരീക്ഷകളുടെ തീയതികൾ കണക്കിലെടുത്താണ് ഇവിടെ എൻട്രൻസ് തീയതി നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷ മാറ്റിയാൽ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും പ്രൊഫഷണൽ കോഴ്സ് പ്രവേശനം നീണ്ടുപോകുമെന്നുമാണ് സർക്കാർ വിലയിരുത്തൽ. എൻജിനിയറിംഗ്, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകൾ പൂർത്തിയാക്കാൻ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി മറികടക്കാനുമാവില്ല.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾക്ക് പുറമെ മുംബയ്, ഡൽഹി, ദുബായ് എന്നിവിടങ്ങളിൽ എൻട്രൻസ് പരീക്ഷ നടത്തുന്നുണ്ട്. ദുബായിൽ പരീക്ഷ നടത്തുന്നത് വലിയ വെല്ലുവിളിയാണ്. പരീക്ഷാ നടത്തിപ്പിന് ഉദ്യോഗസ്ഥർക്ക് യു.എ.ഇ യാത്രാനുമതി നൽകാനിടയില്ല. മുന്നൂറിലേറെ കുട്ടികളാണ് ദുബായിൽ പരീക്ഷയെഴുതാൻ അപേക്ഷിച്ചിട്ടുള്ളത്. അതിനിടെ, എൻട്രൻസ് പരീക്ഷ ഓൺലൈനാക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും സുരക്ഷാ പ്രശ്‌നങ്ങൾ ഉൾപ്പെടെ പരിഗണിച്ച് ആ നീക്കം വേണ്ടെന്നുവച്ചു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എൻജിനിയറിംഗ് എൻട്രൻസിന് 89,167 പേരും ഫാർമസിക്ക് 63,534 പേരും അപേക്ഷിച്ചിട്ടുണ്ട്. മെഡിക്കൽ/ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി ദേശീയതലത്തിൽ നാഷനൽ ടെസ്​റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന നീ​റ്റ് യു.ജി പരീക്ഷ മേയ് മൂന്നിനാണ് നടത്തുന്നത്.