udf

തിരുവനന്തപുരം: കേരള കോൺഗ്രസ് ഗ്രൂപ്പുകളിലെ തർക്കങ്ങൾ തലവേദനയായി തുടരുകയാണെങ്കിലും,
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ തുടർ നടപടികളാവും ഇന്ന് ചേരുന്ന യു.ഡി.എഫ് ഉന്നതാധികാരസമിതി യോഗത്തിലെ മുഖ്യ ചർച്ച. സർക്കാരിനൊപ്പം രോഗപ്രതിരോധത്തിൽ യു.ഡി.എഫും കൈകോർക്കും.എന്നാൽ ,എല്ലാ ആൾക്കൂട്ടങ്ങളെയും നിയന്ത്രിക്കാൻ നിർദ്ദേശിച്ച സർക്കാർ മദ്യശാലകൾ അടച്ചിടാൻ തയാറാകാത്തതിനെ ശക്തമായി നേരിടാൻ യോഗം തീരുമാനിച്ചേക്കും.

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കന്റോൺമെന്റ് ഹൗസിലാണ് യോഗം. കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ തീരുമാനത്തിനാണ് യോഗം നിശ്ചയിച്ചിരുന്നത് . എന്നാൽ, കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ അനിശ്ചിതത്വത്തിലായ സ്ഥിതിക്ക് കുട്ടനാട് പ്രശ്നം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് വാദം .സീറ്റ് ചർച്ച നടന്നാൽ കുട്ടനാട് വിട്ടുകൊടുക്കില്ലെന്ന നിലപാട് ജോസഫ് ഗ്രൂപ്പ് ആവർത്തിച്ചേക്കും. സീറ്റിന്റെ അവകാശം ജോസഫിനും, സ്ഥാനാർത്ഥി കോൺഗ്രസിനുമെന്ന നിലപാടിനോട് ആദ്യം എതിർപ്പില്ലായിരുന്ന ജോസഫ് വിഭാഗം, ഇപ്പോൾ സീറ്റിനായി നിലപാട് കടുപ്പിച്ചിട്ടുണ്ട്. ജോസ് കെ.മാണി നിലപാട് കടുപ്പിച്ചതോടെയാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഘടകകക്ഷിയുടെ സീറ്റ് ഏറ്റെടുക്കുന്നത് ഗുണകരമാകില്ലെന്നതും കുട്ടനാടിന് പകരം മദ്ധ്യകേരളത്തിൽ ജോസഫിന് വിട്ടുകൊടുക്കാൻ കോൺഗ്രസിന് സീറ്റില്ലെന്നതും കോൺഗ്രസ് നേതാക്കളെയും മാറിച്ചിന്തിപ്പിക്കുന്നു. ജോസ് കെ.മാണിയെ അനുനയിപ്പിച്ച് ജോസഫിന് കുട്ടനാട് വിട്ടുകൊടുക്കാനുള്ള നീക്കമാവും ഇനിയുണ്ടാവുക.

ജേക്കബ് ഗ്രൂപ്പ് വിട്ട് ജോസഫ് വിഭാഗത്തിൽ ലയിച്ച യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂരിനെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് അനൂപ് ജേക്കബിന്റെ ആവശ്യം. എന്നാൽ, ജേക്കബ് ഗ്രൂപ്പിന്റെ പ്രതിനിധിയായല്ല താൻ യു.ഡി.എഫിന്റെ സെക്രട്ടറിയായതെന്നും ഇപ്പോഴും സെക്രട്ടറിയായി തുടരുന്നതിനാൽ യോഗത്തിൽ പങ്കെടുക്കുമെന്നുമാണ് ജോണി നെല്ലൂരിന്റെ നിലപാട്.വിഘടിച്ച് നിൽക്കുന്ന കേരള കോൺഗ്രസ് വിഭാഗങ്ങളെ ഒന്നിപ്പിച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശക്തിയാർജിക്കാനുള്ള പി.ജെ. ജോസഫിന്റെ നീക്കവും ചർച്ചയായിട്ടുണ്ട്. ജോസ് കെ.മാണി വിഭാഗം ഇതിൽ കടുത്ത അതൃപ്തിയിലാണ്. മാണി വിരുദ്ധരെയാകെ പാർട്ടിക്കെതിരെ അണിനിരത്താനാണ് ജോസഫ് ശ്രമിക്കുന്നതെന്നാണ് അവരുടെ വികാരം.